പുതുവത്സരാഘോഷം; തലസ്ഥാനത്ത് സുരക്ഷ കർശനമാക്കി പൊലീസ്
🎬 Watch Now: Feature Video
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി തിരുവനന്തപുരം നഗരത്തിൽ സുരക്ഷ കർശനമാക്കി പൊലീസ് (New Year celebrations Police tightened security in Thiruvananthapuram city). നഗരത്തിൽ വലിയ തിരക്ക് ഉണ്ടാകുമെന്ന കണക്ക് കൂട്ടലിൽ സുരക്ഷയ്‌ക്കായി 1500 ഉദ്യോഗസ്ഥരെ വിന്യസിക്കും. പുതുവർഷ പിറവിക്ക് പിന്നാലെ 12 മണിയോടെ കോവളം, ശംഖുമുഖം തീരപ്രദേശങ്ങളിൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ജില്ല പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു അറിയിച്ചു. ഡി ജെ പാർട്ടികൾ സംഘടിപ്പിക്കുന്ന സ്വകാര്യ ഹോട്ടലുകളും ക്ലബ്ബുകളും മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. രാത്രി 12.30 മണിയോടെ ഡി ജെ പാർട്ടികൾ അവസാനിപ്പിക്കണം. മൈക്ക് ഓപ്പറേറ്റർമാരും ശബ്‌ദ മലിനീകരണ നിയമങ്ങൾ കർശനമായി പാലിക്കണം. ജില്ലയിലെ അതിർത്തികളിലും സുരക്ഷ കർശനമാക്കും. സ്ഥിരം കുറ്റവാളികൾ ഇതിനോടകം നിരീക്ഷണത്തിലാണ്. പൊതുസ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ വാഹനത്തിൽ ബന്ധപ്പെടാനുള്ള നമ്പർ പ്രദർശിപ്പിക്കണം. തിരക്കുള്ള സ്ഥലങ്ങളിൽ മഫ്‌തി പൊലീസിനെയും വിന്യസിക്കും. 18 വയസിൽ താഴെയുള്ളവരെ ഡി ജെ പാർട്ടിയിൽ കൊണ്ടു വരാൻ പാടില്ല. ലഹരി ഉപയോഗം നിയന്ത്രിക്കാൻ ഡ്രഗ് ഡിറ്റക്ഷൻ ടെസ്റ്റ് ശക്തിപ്പെടുത്തുമെന്നും ജില്ലാ പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു അറിയിച്ചു.