നീർചാലുകൾക്ക് പുതുജീവൻ പകർന്ന് നീരുറവ് ; വേനലിൽ നിന്ന് ആശ്വാസമായി കിണർ റീ ചാർജിങ്
🎬 Watch Now: Feature Video
കോട്ടയം : ജില്ലയിൽ ജലസ്രോതസുകൾക്ക് പുതുജീവൻ നൽകാൻ ആരംഭിച്ച നീരുറവ് പദ്ധതി ഈ വേനലിലും സജീവമാകുന്നു. കോട്ടയത്തെ നട്ടാശേരിയിൽ ആരംഭിച്ച പദ്ധതിയിലൂടെ മീനച്ചിലാറ്റിൽ നിന്നും സൂര്യകാലടി നമ്പ്യാട്ട് വെട്ടിക്കാക്കുഴി തോട്ടിലേക്കാണ് വെള്ളം പമ്പ് ചെയ്യുന്നത്. വേനലിൽ തോട്ടിലൂടെ ഇത്തരത്തിൽ വെള്ളം ഒഴുക്കി വിടുന്നത് മൂലം തോടിന്‍റെ വശങ്ങളിലുള്ള പ്രദേശത്തെ കിണറുകൾ റീ ചാർജ് ചെയ്യപ്പെടും.
ഇത് കൂടാതെ ജലം മണ്ണിൽ ആഴ്‌ന്നിറങ്ങി നീർച്ചാലുകൾ സംരക്ഷിക്കാനും കഴിയുമെന്ന നിലയിൽ ഈ പദ്ധതി ഏറെ പ്രസക്തമാണ്. പ്രദേശത്തെ നീർച്ചാലുകൾ തെളിച്ച് വ്യഷ്‌ടി പ്രദേശങ്ങളിൽ വേണ്ട ഇടപെടലുകൾ നടത്തിയാകും പദ്ധതി പൂർണമായി നടപ്പിലാക്കുക. ഇതുവഴി വെള്ളപ്പൊക്ക നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, ജലക്ഷാമത്തിന് പരിഹാരം എന്നിവ സാധ്യമാകും.
നഗരസഭയുടെ അഞ്ചാം വാർഡിലാണ് തോടുകൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഒന്നരകിലോ മീറ്ററിലധികം ദൂരം തോട് ഒഴുകുന്നുണ്ട്. തോട്ടിൽ ജലം നിലനിർത്തുന്നത് മൂലം 200 ഓളം വീടുകൾക്ക് പ്രയോജനം ലഭിക്കും. തോടിന്‍റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടെ വീട്ടിലെ കിണറുകൾ തനിയെ റീചാർജിങ് നടക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
നട്ടാശേരി വായനശാല ഭാഗം, കുറുങ്ങൂർ, കരണ്ടേലിൽ, പരുത്തിക്കുഴി, ഉള്ളന്നു പറമ്പ്, മാന്നാത്തു പടി, പുലരിപ്പുറം, വെട്ടിക്കാക്കുഴി തുടങ്ങിയ പ്രദേശങ്ങൾക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. 2019 ലാണ് തോട് നവീകരിച്ച് 15 ലക്ഷം രൂപ ചെലവിട്ട് ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിൽ പമ്പ് ഹൗസും മോട്ടോറും സ്ഥാപിച്ചത്. നീർത്തടത്തിലധിഷ്‌ഠിതമായ പദ്ധതിയുടെ ഭാഗമായി കൃഷിയും മറ്റ് തൊഴിൽ സാധ്യതകളും ലക്ഷ്യമിടുന്നുണ്ട്.