thumbnail

ഗസൽ മാന്ത്രികൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമി ; ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി

By ETV Bharat Kerala Team

Published : Nov 11, 2023, 9:16 PM IST

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തിൽ ഗസലിനെ ചേർത്തുവച്ച ഉമ്പായി എന്ന പിഎ ഇബ്രാഹിമിന്‍റെ പേരിൽ കോഴിക്കോട് ഗസൽ മ്യൂസിക് അക്കാദമി സ്ഥാപിക്കുന്നു. കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിലാണ് ഗസൽ മ്യൂസിക് അക്കാദമി സ്ഥാപിക്കുന്നത്. മലയാള സിനിമ ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം കൽപ്പിച്ചിരുന്ന മലയാളികൾക്കിടയിലേക്ക് അവർ ഏറെ ഇഷ്‌ടപ്പെടുന്ന ചലച്ചിത്ര ഗാനങ്ങൾ തന്‍റെ തനത് ശൈലിയിലൂടെ ഗസലാക്കി മാറ്റിയാണ് ഉമ്പായി മലയാളികളുടെ ഹൃദയം കീഴടക്കിയത്. 2018 ഓഗസ്റ്റ് ഒന്നിന് തന്‍റെ 68-ാമത്തെ വയസിലാണ് ഉമ്പായിയുടെ ശബ്‌ദ സൗകുമാര്യം നിലച്ചത്. അന്നുമുതലുള്ള ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. മലബാർ ഡെവലപ്പേഴ്‌സ് ഗ്രൂപ്പാണ് ഗസൽ ആസ്വാദകരുടെ മനസറിഞ്ഞ് ഉമ്പായിയുടെ പേരിൽ ഗസൽ മ്യൂസിക് അക്കാദമിക്ക് സ്ഥലം വിട്ടുനൽകിയത്. കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിൽ നടന്ന ചടങ്ങിൽ അക്കാദമിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംഗീതത്തെ കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ മാറ്റിമറിച്ച ഗെയിം ചെയ്ഞ്ചറാണ് ഉമ്പായി എന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴക്കമുള്ള പേർഷ്യൻ ഗസൽ പാരമ്പര്യത്തെ നമ്മുടെ സംസ്‌കാരവുമായും ഇന്നത്തെ കാലവുമായി കൂട്ടിയോജിപ്പിച്ച കണ്ണിയായിരുന്നു ഉമ്പായി. അതുവഴി സംഗീതത്തിന്‍റെ സാർവജനീനത തെളിക്കാൻ അദ്ദേഹത്തിനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ അഡ്വ. പിടിഎ റഹീം, തോട്ടത്തിൽ രവീന്ദ്രൻ, മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ്, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, മോഹനൻ മാസ്റ്റർ, സമീർ ഉമ്പായി, ഉമ്പായി മ്യൂസിക് അക്കാദമി പ്രസിഡന്‍റ് കെ ഷംസുദ്ദീൻ, ട്രസ്റ്റ് പ്രകാശ് പോതായ, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് വിട്ടു നൽകിയ കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിലെ 20 സെന്‍റ് സ്ഥലത്ത് 13 കോടി രൂപ ചെലവിലാണ് അക്കാദമി നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്ക് ആണ് നിർമാണ ചുമതല.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.