കെ സുധാകരനെതിരായ കേസ് : സിപിഎമ്മിന്‍റെയും സര്‍ക്കാറിന്‍റെയും വളഞ്ഞിട്ടുള്ള ആക്രമണത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് എംഎം ഹസന്‍ - കണ്ണൂർപുതിയ വാര്‍ത്തകള്‍
🎬 Watch Now: Feature Video
കണ്ണൂർ : കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെയെടുത്ത കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കള്ളക്കേസെടുത്ത് സുധാകരനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയാണ് സിപിഎമ്മും ഇടതുപക്ഷ സര്‍ക്കാറും.
പ്രതിപക്ഷ നേതാവിനെതിരെയും കള്ളക്കേസ് എടുത്ത് മുന്നോട്ട് പോകാനാണ് സർക്കാർ നീക്കം. ഇതിനെ കോൺഗ്രസും യുഡിഎഫും ചെറുത്ത് തോല്‍പ്പിക്കും. സർക്കാർ ഏറ്റവും കൂടുതൽ പ്രതിരോധത്തിലായ കാലഘട്ടമാണിത്. സർക്കാരിന്‍റെ അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളുടെ ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
പ്രശാന്ത് ബാബു എന്ന മുൻ ഡ്രൈവറുടെ ആരോപണത്തിലാണ് കെ സുധാകരനെതിരെ കേസ് എടുത്തത്. എന്നാൽ അതിനേക്കാൾ വലിയ ഗുരുതരമായ ആരോപണം ഉയര്‍ത്തിയ ദേശാഭിമാനി ജീവനക്കാരനായിരുന്ന ജി ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ ഒരു നടപടിയും ഉണ്ടാകുന്നില്ല.
കൈതോല പായയിൽ 2.35 കോടി രൂപ കടത്തിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ നീക്കങ്ങൾക്കെതിരെ ജില്ല തലങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഫ് തീരുമാനം. ആദ്യ പടിയായി ജൂൺ 30ന് കെ സുധാകരന്‍റെ തട്ടകത്തിൽ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ അടക്കം പങ്കെടുപ്പിച്ച് ബഹുജന കൺവെൻഷൻ നടത്താനാണ് യുഡിഎഫ് തീരുമാനം.
അതിനിടെ സുധാകരനെതിരെ പരാതി നൽകിയ പ്രശാന്ത് ബാബുവിന്‍റെ മൊഴിയെടുക്കുന്നത് ശനിയാഴ്‌ചയിലേക്ക് മാറ്റി. കൂടുതൽ തെളിവ് ഹാജരാക്കാൻ ഉണ്ടെന്ന പ്രശാന്ത് ബാബുവിന്‍റെ ആവശ്യത്തെ തുടർന്നാണിത്.