ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന കര്‍ഷകരുടെ വികാര പ്രകടനം, സമരത്തിന് പിന്തുണ നല്‍കും : എംഎം ഹസന്‍ - kerala news updates
🎬 Watch Now: Feature Video
തിരുവനന്തപുരം : റബറിന് വില വര്‍ധിപ്പിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന കർഷകരുടെ വികാര പ്രകടനത്തിന്‍റെ ഭാഗമാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ബിഷപ്പിന്‍റെ നേതൃത്വത്തില്‍ കർഷക സമരം നടത്തിയാൽ താന്‍ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാർലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന സമീപനമാണ് ഇവിടെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊള്ളുന്നതെന്നും ഹസൻ കുറ്റപ്പെടുത്തി. ഇരുവരും ഒരേ തൂവൽ പക്ഷികളാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സർജിക്കൽ ഐസിയുവിൽ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നികുതി വർധന പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ ഒന്നിന് സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കും. അന്ന് പഞ്ചായത്ത് തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷിക ദിനത്തിൽ യുഡിഎഫ്, സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും. പകൽ പന്തംകൊളുത്തി പ്രകടനം നടത്തും.
നിയമസഭ സമ്മേളനത്തെ കുറിച്ച് എംഎം ഹസന്‍: കേരളത്തില്‍ ഇന്നലെ നടന്നത് നിയമസഭ ചരിത്രത്തിലെ കറുത്ത ദിനമാണ്. അതിന്‍റെ പൂർണ ഉത്തരവാദിത്വം സ്‌പീക്കര്‍ എ എൻ ഷംസീറിനും സംസ്ഥാന സർക്കാരിനുമാണ്. പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ കഴുത്ത് ഞെരിച്ച് കൊന്ന സ്‌പീക്കറാണ് എ എൻ ഷംസീറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്‌പീക്കറുടെ കസേര മറിച്ചിട്ടവർ താഴെ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ പ്രസ്‌താവന. മുഖ്യമന്ത്രി സ്വന്തം പാർട്ടിയെയും മന്ത്രിമാരെയും വരുതിയിലാക്കി കഴിഞ്ഞു. ഇപ്പോൾ സ്‌പീക്കറെയും വരുതിയിലാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയ്‌ക്കുള്ള വെല്ലുവിളി: സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാന നഷ്‌ടക്കേസ് കൊടുത്തത് സ്വാഗതാർഹമാണ്. എം വി ഗോവിന്ദന്‍റെ നടപടി മുഖ്യമന്ത്രിക്കുള്ള സന്ദേശം ആണ്. മാന നഷ്‌ടക്കേസ് കൊടുക്കാൻ മുഖ്യമന്ത്രിയെ യുഡിഎഫ് വെല്ലുവിളിക്കുന്നുവെന്നും എം എം ഹസൻ പറഞ്ഞു. തലസ്ഥാനത്തെ ഗവണ്‍മെന്‍റ് ലോ കോളജില്‍ അടക്കം അക്രമം നടത്തുന്നവർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത് പ്രതികളെ രക്ഷിക്കുകയാണ് സര്‍ക്കാരെന്നും ഹസൻ കുറ്റപ്പെടുത്തി.
also read: നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു; വെട്ടിച്ചുരുക്കിയത് 30 വരെ കൂടേണ്ടിയിരുന്ന സമ്മേളനം
ചട്ടം 50 പ്രകാരമുള്ള അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തെ ചൊല്ലി ആരംഭിച്ച ഭരണ-പ്രതിപക്ഷ തർക്കത്തിൽ സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു. മാർച്ച് 30 വരെ നിശ്ചയിച്ചിരുന്ന സഭ സമ്മേളനമാണ് വെട്ടിച്ചുരുക്കിയത്. കാര്യോപദേശക സമിതിയുടെ കഴിഞ്ഞ ദിവസത്തെ തീരുമാന പ്രകാരം അവശേഷിക്കുന്ന ധനാഭ്യർഥനകളും ധനവിനിയോഗ ബില്ലും ചർച്ച കൂടാതെ പാസാക്കണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. തുടർന്ന് നടപടികൾ വേഗത്തിലാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്‌പീക്കര്‍ എ.എൻ ഷംസീർ ഇന്നലെ അറിയിക്കുകയായിരുന്നു.