റേഷന്‍ ഇനി വീടുകളിലെത്തും; മലപ്പുറത്തും 'ഒപ്പം' പദ്ധതിക്ക് തുടക്കമായി - kerala news updates

🎬 Watch Now: Feature Video

thumbnail

By

Published : May 13, 2023, 12:54 PM IST

മലപ്പുറം: ശാരീരിക അവശത കാരണം റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് റേഷൻ ഉത്പന്നങ്ങൾ വീട്ടിലെത്തിക്കുന്ന 'ഒപ്പം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതി പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും പൊതുവിതരണ വകുപ്പിന്‍റെ ഒപ്പം പദ്ധതി വഴി ഭക്ഷ്യധാന്യങ്ങൾ നൽകാൻ സർക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. 

പദ്ധതിയിലൂടെ സംസ്ഥാനത്തെ 134 ഊരുകളിൽ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ടെത്തിക്കാന്‍ സാധിക്കുന്നുണ്ട്. അതിദരിദ്രരായവരെ സർവേയിലൂടെ കണ്ടെത്തി അവർക്ക് റേഷൻ കാർഡും വിതരണം ചെയ്‌തു. 7000ത്തിൽ അധികം അനാഥ, അഗതി മന്ദിരങ്ങളിൽ സൗജന്യമായ റേഷൻ എത്തിക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്‌മയോടെയാണ് 'ഒപ്പം' പദ്ധതി നടപ്പാക്കുന്നത്. ആദിവാസി മേഖലകളിൽ റേഷൻ സാധനങ്ങൾ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് പ്രവർത്തനം. കിടപ്പുരോഗികൾ, അവശതയനുഭവിക്കുന്നവർ, ഒറ്റയ്ക്ക് കഴിയുന്ന വയോധികർ എന്നിവർക്കാണ് റേഷൻ വീട്ടിലെത്തുക. ഇ-പോസ് മെഷീനിൽ മാന്വൽ ട്രാൻസാക്ഷൻ മുഖേനയാണ് ധാന്യവിതരണം. 

റേഷനൊപ്പം രസീതുകൂടി ഓട്ടോ ഡ്രൈവർക്ക് നൽകും. ജില്ലാ സപ്ലൈ ഓഫിസറുടെ മേൽനോട്ടത്തിൽ താലൂക്ക് സപ്ലൈ ഓഫിസർമാരാണ് പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. റേഷൻ വിഹിതത്തിന് അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് കൃത്യമായി റേഷൻ എത്തുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും ചെയ്യും. 

മലപ്പുറം നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെപിഎ ശരീഫ്, സിഎച്ച് നൗഷാദ്, ഒ സഹദേവൻ, പിഎസ്എ ഷബീർ, ജില്ല വികസന കമ്മിഷനർ രാജീവ് കുമാർ ചൗധരി, എഡിഎം എൻഎം മെഹറലി, സപ്ലൈ ഓഫിസർ എൽ മിനി, അതിദാരിദ്ര നിർമാർജന പദ്ധതി നോഡൽ ഓഫിസർ ബിഎൽ വിജിത്ത്, പി ജംഷീർ, എംഎ റസാഖ് എന്നിവർ സംസാരിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.