GR Anil On Onam Kit Distribution : ഓണക്കിറ്റ് വിതരണത്തില്‍ വീഴ്‌ച സംഭവിച്ചിട്ടില്ല, വൈകുന്നത് കാലതാമസം കൊണ്ട് : മന്ത്രി ജിആര്‍ അനില്‍ - സിവിൽ സപ്ലൈസ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Aug 28, 2023, 12:29 PM IST

തിരുവനന്തപുരം : ഓണക്കിറ്റ് (Onam Kit) വിതരണത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് വാങ്ങാൻ എത്തുന്നവരുടെ കാലതാമസം കൊണ്ടാണ് വിതരണം വൈകുന്നത്. മൂന്നരലക്ഷത്തോളം കിറ്റ് വിതരണം ചെയ്‌തുകഴിഞ്ഞു. രണ്ടരലക്ഷം കിറ്റാണ് ഇനി കൊടുക്കാനുള്ളത്. സിവിൽ സപ്ലൈസ്(Civil Supplies) വകുപ്പ് കൊടുക്കേണ്ട എല്ലാ കേന്ദ്രങ്ങളിലും കിറ്റ് എത്തിക്കഴിഞ്ഞു (GR Anil On Onam Kit Distribution). ആളുകളുടെ രീതി എല്ലാ മാസവും അവസാനത്തെ ദിവസങ്ങളിൽ റേഷൻ(Ration) വാങ്ങാൻ വരുന്നതാണ്. ദിവസം എട്ട്, ഒന്‍പത് ലക്ഷം ആളുകൾ വരുന്ന അവസരം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇന്നലെ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് റേഷൻ കടയിൽ വന്നത്. ഇത് കാണിക്കുന്നത് സാധാരണ ജനങ്ങൾ അവസാന നാളുകളിലാണ് റേഷൻ വാങ്ങാൻ വരുന്നത് എന്നാണ്. റേഷൻ കടയിലെത്തുന്ന മുഴുവൻ ആളുകൾക്കും കിറ്റ് കൊടുക്കും. ഒരു ആശങ്കയും വേണ്ട. ഉപതെരഞ്ഞെടുപ്പിന്‍റെ(By election) പശ്ചാത്തലത്തിൽ പുതുപ്പള്ളി(Puthupally) ഉൾപ്പടെ കോട്ടയം ജില്ലയിൽ കിറ്റ് വിതരണം മാറ്റിവയ്ക്കാ‌ൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടത് കൊണ്ടാണ് നൽകാത്തത്. അവർക്കുള്ള കിറ്റ് എന്നാണോ തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാകുന്നത്, അന്ന് കൊടുക്കും. ഒരാള്‍ക്ക് പോലും കിറ്റ് നിഷേധിക്കില്ല. എല്ലാ ഊരുകളിലും ക്ഷേമ സ്ഥാപനങ്ങളിലും കിറ്റ് എത്തിക്കഴിഞ്ഞു. ഏതെങ്കിലും റേഷൻകടകളിൽ കാർഡുടമകൾക്ക് കിറ്റ് കിട്ടാൻ തടസം ഉണ്ടെങ്കിൽ അവിടെത്തന്നെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ട്. 15 മിനിട്ടിനുള്ളിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം എംഎൽഎമാർക്കുള്ള സർക്കാരിന്‍റെ സൗജന്യ കിറ്റ് യുഡിഎഫ് ബഹിഷ്‌കരിച്ചു. സൗജന്യ കിറ്റ് വാങ്ങേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കിറ്റ് വിതരണം പൂർത്തിയാക്കാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇ-പോസ് മെഷീൻ തകരാറിലായത് ഇരട്ടി പ്രഹരവുമായി. ഇന്നലെ രാവിലെ മുതലാണ് മെഷീൻ തകരാറിലായത്. കിറ്റ് തീർന്ന് പോയാൽ വാങ്ങാൻ എത്തിയ ആളുകളുടെ നമ്പർ വാങ്ങി വീട്ടിൽ എത്തിച്ച് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.