കെഎസ്‌ആര്‍ടിസി യാത്രക്കിടെ ബാഗ് നഷ്‌ടപ്പെട്ടു; പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് യുവാവ്
🎬 Watch Now: Feature Video
ഇടുക്കി: കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസിലെ ലഗേജ് കമ്പാര്‍ട്ട്‌മെന്‍റില്‍ സൂക്ഷിച്ച ബാഗ് നഷ്‌ടപ്പെട്ടതായി പരാതി. കായംകുളം സ്വദേശി ലാല്‍ പ്രസാദാണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തില്‍ പരാതി നല്‍കിയിട്ടും കെഎസ്‌ആര്‍ടിസി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ലാല്‍ പ്രസാദ് പറഞ്ഞു.
മെയ് 14നാണ് സംഭവം. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കായംകുളത്തേക്കുള്ള യാത്രക്കിടെയാണ് ലാല്‍ പ്രസാദിന് ബാഗ് നഷ്‌ടപ്പെട്ടത്. വിലപിടിപ്പുള്ള വസ്‌തുക്കള്‍ അടങ്ങിയ ബാഗ് ബസിലെ ജീവനക്കാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ലഗേജ് കമ്പാര്‍ട്ട്‌മെന്‍റില്‍ വച്ചത്. കായംകുളത്തെത്തി ബസില്‍ നിന്നിറങ്ങിയ ലാല്‍ പ്രസാദ് കമ്പാര്‍ട്ട്‌മെന്‍റില്‍ നോക്കിയപ്പോഴാണ് ബാഗ് നഷ്‌ടപ്പെട്ടതായി അറിയുന്നത്.
സംഭവത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയില്‍ പരാതി നല്‍കി. ബാഗ് നഷ്‌ടപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിഷയത്തില്‍ നടപടിയെടുക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ലഗേജ് കമ്പാര്‍ട്ട്‌മെന്‍റ് യാത്രക്കാരുടെ ആവശ്യാനുസരണം തുറന്ന് കൊടുക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്യാറുള്ളതെന്നും സ്വന്തം ബാഗുകള്‍ യാത്രക്കാര്‍ തന്നെയാണ് കമ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് എടുത്ത് കൊണ്ട് പോകാറുള്ളതെന്നുമാണ് ജീവനക്കാരുടെ വാദം.
സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ക്ക് ടോക്കണ്‍ നല്‍കുന്ന രീതിയാണുള്ളത്. മാത്രമല്ല ടോക്കണ്‍ അനുസരിച്ച് ബസിലെ ജീവനക്കാര്‍ തന്നെയാണ് ബാഗുകള്‍ യാത്രക്കാര്‍ക്ക് എടുത്ത് കൊടുക്കുന്നതും. എന്നാല്‍ കെഎസ്‌ആര്‍ടിസി ബസില്‍ മാത്രം യാത്രക്കാരുടെ ലഗേജുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ലാല്‍ പ്രസാദ് പറഞ്ഞു.