സ്വകാര്യ ലാബിലെ പരിശോധനയില്‍ ലൈംഗികരോഗമെന്ന് റിപ്പോര്‍ട്ട്; തുടര്‍പരിശോധനകളില്‍ രോഗമില്ലെന്ന് വ്യക്തത, വിദേശയാത്ര മുടങ്ങി നിസാര്‍ - മെഡിക്കൽ പരിശോധന
🎬 Watch Now: Feature Video
തിരുവനന്തപുരം: വിദേശത്തേക്ക് പോകാനുള്ള മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായ തൊഴിൽ രഹിതന് തെറ്റായ പരിശോധന ഫലം നല്‍കി ലാബ് അധികൃതർ വഞ്ചിച്ചെന്ന് പരാതി. ആറ് മാസങ്ങൾക്ക് മുമ്പ് വിദേശത്ത് പോകുന്നതിന് മുന്‍പായാണ് നിസാർ മെഡിക്കൽ പരിശോധനയ്ക്ക് ഗൾഫ് കോപ്പറേഷൻ കൗൺസിലിന്‍റെ അംഗീകാരമുള്ള ശാസ്‌തമംഗലത്തെ ലാബിൽ പരിശോധനയ്ക്ക് ചെന്നത്. ജിസിസിയുടെ വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്‌തപ്പോഴാണ് നിസാറിന് ശാസ്‌തമംഗലത്തെ സ്വകാര്യ ലാബിൽ പരിശോധിക്കാനുള്ള നിർദേശം ലഭിച്ചത്. എന്നാല്‍ പരിശോധനയിൽ നിസാറിന് ഗുരുതര ലൈംഗികരോഗമായ സിഫിലിസ് പോസിറ്റീവ് ആണെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.
തുടർന്ന് മെഡിക്കൽ കോളജിലെ എസിആർ ലാബിൽ പരിശോധിച്ചപ്പോൾ രോഗമില്ലെന്നാണ് പരിശോധന ഫലം വന്നത്. ഉറപ്പിക്കാനായി പിന്നീട് മെഡിക്കൽ കോളജിലെ ലാബിലും പരിശോധന നടത്തി. ഈ പരിശോധനയിലും രോഗമില്ലെന്നായിരുന്നു ഫലം. എന്നാൽ ജിസിസിയുടെ ഡാറ്റബെസിൽ അംഗീകാരമുള്ള ലാബിൽ നിന്നും രോഗമുണ്ടെന്ന് പരിശോധന ഫലം രേഖപ്പെടുത്തിയതിനാൽ ഇനി ആറ് മാസങ്ങൾക്ക് ശേഷമേ നിസാറിന് ജിസിസി രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാകുകയുള്ളു.
സൗദിയിൽ ലഭിച്ച ഡ്രൈവർ ജോലിക്ക് വേണ്ടിയായിരുന്നു നിസാറിന് മെഡിക്കൽ സർട്ടിഫിക്കറ്റിന്‍റെ ആവശ്യം വന്നത്. എന്നാൽ പ്രാഥമിക പരിശോധനയിൽ രോഗിയാണെന്ന റിപ്പോർട്ട് വന്നതിനാൽ ജോലിയും നഷ്‌ടപ്പെട്ടു. സംഭവത്തിൽ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലായിരുന്നു നിസാർ ആദ്യം പരാതി നൽകിയത്. എന്നാൽ പരാതി സ്വീകരിക്കാനാകില്ലെന്നായിരുന്നു എസ്ഐയുടെ മറുപടി. ഇതോടെ നോർകയിലും ആരോഗ്യ ഡയറക്‌ടറേറ്റിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കി. തുടർന്ന് മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടലിലാണ് മ്യൂസിയം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പണം നൽകിയാൽ റിപ്പോർട്ട് മാറ്റി സമർപ്പിക്കാമെന്ന് പറഞ്ഞു ചില ഏജന്‍റുമാർ തന്നെ സമീപിച്ചുവെന്നും നിസാർ അരോപിക്കുന്നു. വർഷങ്ങളായി പാചകക്കാരനായി ജോലി ചെയ്യുകയാണ് നിസാർ. എന്നാൽ ഡ്രൈവിങ് തസ്‌തികയിൽ ജോലിക്ക് കയറിയാൽ രണ്ട് ജോലികളും ചെയ്യാൻ അനുമതി ലഭിക്കുമെന്നതാണ് നിസാറിനെ ജോലിയിലേക്ക് ആകർഷിച്ചത്. സംഭവം നടന്നു ആറ് മാസത്തോളമായിട്ടും നടപടിയൊന്നും ഉണ്ടാവാത്തത് ഭാവിയിലും പ്രവാസത്തിന് തടയാകുമോയെന്നാണ് നിസാറിന്‍റെ ഭയം.