മകനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവ് മരിച്ച നിലയില്‍ ; യുവാവ് ഒളിവില്‍, തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ് - മദ്യപിച്ച ശേഷം
🎬 Watch Now: Feature Video
ആലപ്പുഴ:രാത്രിയിൽ മകനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് തടിയ്ക്കൽ കയർ ഫാക്‌ടറി തൊഴിലാളി സുരേഷ് കുമാറാണ് (54) മരിച്ചത്. സംഭവത്തിന് പിന്നാലെ മകൻ നിഖില്‍ (24) ഒളിവിലാണ്. ചൊവ്വാഴ്‌ച (15.08.2023) രാത്രിയിലാണ് സംഭവം. മദ്യപിച്ച ശേഷം രാത്രിയിൽ അച്ഛനും മകനും തമ്മിൽ വാക്കേറ്റവും ബഹളവും നടന്നതായി മാതാവ് മിനിമോൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വീടിന്‍റെ ചവിട്ടുപടിയിൽ വീണ് കാലിന് പരിക്കേറ്റ മിനിമോൾ പ്ലാസ്റ്ററിട്ട് കിടപ്പിലാണ്. ബുധനാഴ്ച രാവിലെ ഏഴരയായിട്ടും ഭര്‍ത്താവ് ഏഴുന്നേൽക്കാതെ വന്നതോടെ അടുത്ത മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് സുരേഷ് കുമാറിന് അനക്കമില്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവര്‍ ബഹളം വച്ച് അയൽവാസികളെ കൂട്ടുകയായിരുന്നു. മൃതദേഹത്തിന്‍റെ തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവുണ്ട്. ഈ മാസം 28ന് നിഖിലിന്‍റെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. വിവാഹ ആവശ്യത്തിനെടുത്ത പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിൽ കലാശിച്ചെതെന്ന് പറയപ്പെടുന്നു. നഗരത്തിലെ കേബിൾ സ്ഥാപനത്തിലെ ജോലിക്കാരനാണ് നിഖിൽ. നോർത്ത് പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്‌റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഒളിവിൽ പോയ നിഖിലിനെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.