'താഴെക്കിടയിലുള്ള പ്രവർത്തകരെ അധിക്ഷേപിക്കുന്ന രീതിയാണ് കോൺഗ്രസില്‍'; വിമർശനവുമായി മഹിള കോൺഗ്രസ് നേതാവ് - കെപിസിസി
🎬 Watch Now: Feature Video
തിരുവനന്തപുരം : കോൺഗ്രസിലെ ഗ്രാസ് റൂട്ട് ലെവൽ പ്രവർത്തകരെ അധിക്ഷേപിക്കുന്ന പ്രവർത്തിയാണ് പാർട്ടിക്കകത്തുള്ളതെന്നും, കോൺഗ്രസ് പാർട്ടി എപ്പോഴും വേട്ടക്കാർക്കൊപ്പമാണെന്നും മഹിള കോൺഗ്രസ് നേതാവ് സുനിത വിജയൻ. വനിത പ്രവർത്തകർക്ക് നീതി ലഭിക്കാൻ വേണ്ടിയാണ് ഞാൻ പരാതി നൽകിയത്. ജെബി മെത്തർ വാലാട്ടിപ്പക്ഷിയാണെന്നും സുനിത മാധ്യമങ്ങളോട് പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി തന്നെ അപമാനിച്ചുവെന്ന പരാതിയിൽ മ്യൂസിയം പൊലീസിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുനിത. ബിന്ദു കൃഷ്‌ണയുടെ ഭർത്താവ് കൃഷ്‌ണകുമാറിനെതിരെയാണ് മഹിള കോൺഗ്രസ് നേതാവ് സുനിത പരാതി നൽകിയത്. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ശേഷം കഴിഞ്ഞ മാസം കെപിസിസി ആസ്ഥാനത്ത് കെസി വേണുഗോപാലിന് നൽകിയ സ്വീകരണത്തിനിടെ കൃഷ്‌ണകുമാർ തന്നോട് അപമാര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.
സംഭവത്തിൽ സുനിത ആദ്യം സിറ്റി പൊലീസ് കമ്മിഷണർക്കായിരുന്നു പരാതി നൽകിയത്. എന്നാൽ കമ്മീഷണർ പിന്നീട് പരാതി മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ കെപിസിസിക്കും ഡിസിസിക്കും പരാതി നൽകിയതായും സുനിത പറഞ്ഞു.
സുനിതയുടെ പരാതി: വനിത കോൺഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൃഷ്‌ണകുമാറിനെ ചൊടിപ്പിച്ചത്. പാർട്ടിയിൽ കാര്യക്ഷമമായി പ്രവർത്തിച്ച പലരെയും ഒഴിവാക്കിയാണ് പുന:സംഘടന നടന്നത്. അതിൽ താൻ അതൃപ്‌തി അറിയിച്ചതാണ് ഇപ്പോൾ പ്രശ്‌നം. ബിന്ദു കൃഷ്‌ണയുമായി മുൻപ് നല്ല ബന്ധമായിരുന്നു തനിക്ക് ഉണ്ടായിരുന്നത്.
പ്രശ്‌നത്തിൽ കെപിസിസി മുൻപാകെ പരാതി നൽകിയപ്പോൾ ഉണ്ടായ പ്രതികരണത്തിൽ സങ്കടമുണ്ട്. കെപിസിസി പ്രസിഡന്‍റിന്‍റെ വായ ആരോ മുടികെട്ടിയത് പോലെയാണ് തോന്നുന്നത്. ബിന്ദു കൃഷ്‌ണയെ ഈ പാർട്ടിക്ക് പേടിയാണ്. എന്നാൽ തനിക്ക് പേടിയില്ല.
ജെബി മേത്തർ ആരുമായും ഒന്നും ചർച്ച ചെയ്യാതെയാണ് സ്വയം കാര്യങ്ങൾ തീരുമാനിക്കുന്നത്. വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല. പുന:സംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റിനെ കാണാൻ ചെന്നപ്പോൾ വിഎസ് ശിവകുമാറിനെയും ലക്ഷ്‌മിയെയും കാണാനാണ് പറഞ്ഞത്. നെയ്യാറ്റിൻകര സനൽ ഉൾപ്പെടെയുള്ളവരാണ് ഇതൊക്കെ ഇപ്പോൾ തീരുമാനിക്കുന്നത്. ഇവർ പാർട്ടിയുടെ ഗുണഭോക്താക്കളാണ്. ഭാരവാഹിത്വം രാജിവെച്ചെങ്കിലും ഒരിക്കലും താൻ പാർട്ടി വിടില്ല.
തന്നെ കൃഷ്‌ണകുമാർ മർദിക്കുമെന്ന് കെപിസിസി ആസ്ഥാനത്ത് വെച്ചു പറയുകയും, പിന്നീട് ഫോണിൽ വിളിച്ച് ക്ഷമ പറയുകയും ചെയ്‌തിരുന്നു. കോൺഗ്രസിനകത്ത് നിൽക്കുന്ന സ്ത്രീകൾക്ക് നീതി കിട്ടണം. ഇതിന്‍റെ പേരിൽ പാർട്ടി തന്നെ പുറത്താക്കിയാലും പ്രശ്‌നമില്ല. ഫോൺ റെക്കോർഡിങ് ഉൾപ്പെടെയാണ് കെപിസിസിയിലും പൊലീസിലും പരാതി നൽകിയതെന്നും സുനിത പറഞ്ഞു.