ഭിവണ്ടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി ; രക്ഷപ്പെടുത്തിയത് 10 പേരെ, കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍
🎬 Watch Now: Feature Video
താനെ : മഹാരാഷ്‌ട്ര ഭിവണ്ടിയില്‍ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് ഇതുസംബന്ധിച്ചുള്ള വിവരം അറിയിച്ചത്. താനെ ജില്ലയിലെ ഭിവണ്ടി പ്രദേശത്ത് ശനിയാഴ്‌ച (ഏപ്രില്‍ 29) ഉച്ചയോടെയാണ് മൂന്നുനില കെട്ടിടം തകർന്നുവീണത്.
നിരവധി പേരാണ് കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ അകപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ ഊര്‍ജിതമായി നടന്നുവരികയാണെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ദൗത്യത്തില്‍ 10 പേരെ രക്ഷപ്പെടുത്തിയെന്ന് എൻഡിആർഎഫ് കമാൻഡർ ദീപക് തിവാരി അറിയിച്ചു. 'ഇതുവരെ 10 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരില്‍ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. കുട്ടിയെ ഡോഗ് സ്ക്വാഡാണ് കണ്ടെത്തിയത്. ഞങ്ങളുടെ സ്‌ക്വാഡിലുള്ള പട്ടികള്‍ മികച്ച രീതിയില്‍ തന്നെ തെരച്ചില്‍ നടത്തുന്നുണ്ട് '- ദീപക് തിവാരി മാധ്യമങ്ങളോട് പറഞ്ഞു.
ബില്‍ഡര്‍ കസ്റ്റഡിയില്‍ : സംഭവത്തിൽ ബിൽഡർ ഇന്ദ്രപാൽ പാട്ടീലിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്ന് താനെ പൊലീസ് ഞായറാഴ്‌ച പറഞ്ഞു. ബിൽഡർ ഇന്ദ്രപാൽ പാട്ടീല്‍ താനെ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷൻ 304 (2), 337, 338, 42 എന്നിവ പ്രകാരമാണ് കേസെടുത്തത്.
സംഭവമുണ്ടായ ശനിയാഴ്‌ച രാത്രിയില്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടിരുന്നു. തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് അദ്ദേഹം അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം കൃത്യമായി നടത്താൻ ജില്ല ഭരണകൂടം, പൊലീസ്, അഗ്നിശമനസേന, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) മറ്റ് രക്ഷാപ്രവർത്തകർ എന്നിവർക്കും മുഖ്യമന്ത്രി ഷിൻഡെ നിർദേശം നൽകി.