Madurai Toll Plaza Accident | ചരക്ക് ലോറി നിയന്ത്രണം വിട്ട് ടോള്‍ പ്ലാസയില്‍ ഇടിച്ചുകയറി ; ജീവനക്കാരന് ദാരുണാന്ത്യം - ടോള്‍പ്ലാസ അപകടം
🎬 Watch Now: Feature Video
മധുരൈ:കേരളത്തിലേക്ക് അരിയുമായി വന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് ടോള്‍പ്ലാസയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. മധുരൈ (Madurai) സ്വദേശിയും ടോള്‍പ്ലാസയിലെ ജീവനക്കാരനുമായ സതീഷ് കുമാറാണ് മരിച്ചത്. ഇന്നലെ (ജൂലൈ 30) ആയിരുന്നു അപകടം. ആന്ധ്രാപ്രദേശിലെ കാക്കിനടയില്‍ നിന്ന് കേരളത്തിലേക്ക് 30 ടണ്‍ അരിയുമായി പോയ ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. യാത്രാമധ്യേ ലോറിയുടെ ബ്രേക്ക് തകരാറിലാവുകയും തുടര്‍ന്ന് ഡ്രൈവര്‍ ഗുണ്ടൂര്‍ സ്വദേശി ബാലകൃഷ്‌ണന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയും ചെയ്‌തതോടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബ്രേക്ക് നഷ്‌ടപ്പെട്ട ലോറി വഴിയരികിലുള്ള മരങ്ങളില്‍ ഇടിച്ച് നിര്‍ത്താനുള്ള ശ്രമം ഡ്രൈവര്‍ നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ്, ചരക്ക് ലോറി ടോള്‍ പ്ലാസയിലേക്ക് എത്തിയത്. ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങളില്‍ ഇടിക്കാതിരിക്കാന്‍ ലോറി ഡ്രൈവര്‍ വാഹനം എതിര്‍വശത്തേക്ക് തിരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ദാരുണ സംഭവമുണ്ടായത്. ലോറിയെത്തിയ ഭാഗത്തുണ്ടായിരുന്ന സതീഷ് കുമാറുമായി വാഹനം ഏറെ ദൂരം മുന്നിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട ഇയാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സതീഷ് കുമാറിനെ ഇടിച്ച ലോറി എതിര്‍ ദിശയില്‍ വന്നിരുന്ന വാഹനങ്ങളിലും ഇടിച്ചിരുന്നു. ഇതില്‍, രണ്ട് കാര്‍ യാത്രക്കാര്‍ക്കും ടോള്‍ പ്ലാസയിലെ ഒരു ജീവനക്കാരിക്കും പരിക്കേല്‍ക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.