കെ കെ രമയ്‌ക്ക് പരിക്കുണ്ടോ ഇല്ലയോ എന്ന് അറിയില്ല, തെറ്റായ ആരോപണങ്ങൾ ഉണ്ടെങ്കിൽ പാർട്ടി ഇടപെടും : എം വി ഗോവിന്ദന്‍
🎬 Watch Now: Feature Video
തിരുവനന്തപുരം: കെ കെ രമ എംഎൽഎയ്‌ക്ക് പരിക്കുണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രമയുടെ കൈക്ക് പരിക്കുണ്ടെന്നും ഇല്ലെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിൽ ഇടപെടേണ്ട കാര്യമോ നയപരമായി തീരുമാനം എടുക്കേണ്ട കാര്യമോ പാർട്ടിക്കില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
രമ നൽകിയ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ പൊലീസാണ് തീരുമാനമെടുക്കേണ്ടത്. ആവശ്യമായ നിലപാട് പൊലീസ് സ്വീകരിക്കും. ഡോക്‌ടർക്കെതിരെയും ആരോഗ്യവകുപ്പിനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ കുറിച്ച് തനിക്കറിയില്ല. തെറ്റായ നിലപാടുകൾ ഉണ്ടെങ്കിൽ മാത്രമേ പാർട്ടി ഇടപെടൂവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പ്ലാസ്‌റ്റർ ഇട്ടത് പൊട്ടലില്ലാത്ത കൈയ്‌ക്ക്: അതേസമയം കെ കെ രമ എംഎൽഎ പൊട്ടലില്ലാത്ത കൈയ്‌ക്കാണ് പ്ലാസ്റ്റർ ഇട്ടത് എന്ന കാര്യം വ്യക്തമാണെന്നാണ് എംവി ഗോവിന്ദൻ ഇന്നലെ ജനകീയ പ്രതിരോധ ജാഥ സമാപന സമ്മേളത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കൈയ്‌ക്ക് പൊട്ടലുണ്ടോ എന്ന് നോക്കാന്‍ ആധുനിക സമൂഹത്തിന് എല്ലാ സൗകര്യവും ഉണ്ട്. അവിടെ കളവൊന്നും പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൈയ്‌ക്ക് പരിക്കുള്ളതും ഇല്ലാത്തതും രാഷ്‌ട്രീയമായി ഉപയോഗിക്കാൻ പാടില്ല. പൊട്ടലില്ലാത്ത കൈയ്‌ക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന കാര്യം വ്യക്തമാണ്. ആളുകളെ പ്രകോപിപ്പിക്കാന്‍ കൈ ഉപയോഗിക്കുന്ന സമീപനം ശരിയല്ലെന്നും എം വി ഗോവിന്ദൻ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം സാമൂഹ്യ മാധ്യമങ്ങൾ വഴി തന്നെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെ കെ രമ സച്ചിൻ ദേവ് എംഎൽഎക്കെതിരെ സൈബർ സെല്ലിനും സ്പീക്കർക്കും പരാതി നൽകിയിട്ടുണ്ട്.
പ്രചരിപ്പിക്കുന്നത് അപമാനകരമായ പോസ്‌റ്റുകൾ : സച്ചിൻ ദേവ് എംഎൽഎ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ അടക്കം ഉൾപ്പെടുത്തിയാണ് പരാതി നൽകിയത്. ആദ്യമായാണ് ഒരു എംഎൽഎക്ക് എതിരെ മറ്റൊരു എംഎൽഎ സൈബർ സെല്ലിന് പരാതി നൽകുന്നത്. തന്നോട് പരിക്കിനെ പറ്റി ചോദിക്കുക പോലും ചെയ്യാതെ നിയമസഭാംഗം സാമൂഹ്യ മാധ്യമങ്ങള്‍ വഴി തനിക്ക് അപമാനം ഉണ്ടാക്കുന്ന പോസ്റ്റുകൾ പങ്കുവയ്‌ക്കുകയും വിവിധ സമയങ്ങളില്‍ ഉള്ള ഫോട്ടോകള്‍ എടുത്ത് കാണിച്ച് പ്രചരണം നടത്തുകയും ചെയ്യുന്നു.
നിയമസഭയ്‌ക്ക് അകത്ത് നടന്ന സംഭവം തെറ്റായി പ്രചരിപ്പിക്കുകയും ഒരു സാമാജിക എന്ന നിലയിൽ തന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിൽ കള്ള പ്രചരണം നടത്തുകയുമാണെന്നും കെ കെ രമ പരാതിയിൽ പറയുന്നുണ്ട്.
കെ കെ രമയുടെ കൈയിലെ പരിക്ക് വ്യാജമാണെന്ന് പറഞ്ഞുകൊണ്ടാണ് സച്ചിൻ ദേവ് എംഎല്‍എ കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ രമയ്‌ക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത്. സംഘർഷത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടത് പ്രൊഫൈലുകളിൽ നിന്നും കെ കെ രമയ്‌ക്കെതിരെ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്.