മൃതദേഹം ചുമട്ടുതൊഴിലാളികൾ ചുമന്ന സംഭവം: ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിൽ പരിശോധന നടത്തി

By

Published : May 2, 2023, 7:13 PM IST

Updated : May 2, 2023, 8:18 PM IST

thumbnail

കാസർകോട് : ലിഫ്‌റ്റ് തകരാറിലായതിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ മൃതദേഹം ചുമട്ടുതൊഴിലാളികൾ ചുമന്ന സംഭവത്തിൽ ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. അഡീഷണൽ ഡയറക്‌ടർ ജോസ് ഡിക്രൂസിന്‍റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തി. അന്വേഷണ റിപ്പോർട്ട് ഉടൻ ആരോഗ്യ വകുപ്പിന് കൈമാറും.

ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായി ഒരു മാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിക്കുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ആരോഗ്യമന്ത്രിയുടെ നിർദേശം. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും വകുപ്പ് തല നടപടികൾ തീരുമാനിക്കുക. 

സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി ലീഗൽ സർവീസ് അതോറിറ്റിയും കണ്ടെത്തിയിരുന്നു. ജനറൽ ആശുപത്രി ലിഫ്‌റ്റ് വിവാദത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ചയാണെന്ന് ജില്ല സബ്‌ ജഡ്‌ജ്‌ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തു. പെട്ടന്ന് പരിഹരിക്കാൻ സാധിക്കുന്ന വിഷയത്തിൽ കാലതാമസം എടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. 

also read: കാസർകോട് ജനറൽ ഹോസ്‌പിറ്റലിൽ ലിഫ്റ്റ് കേടായ സംഭവം: ആശുപത്രി അധികൃതരുടെ വീഴ്‌ചയെന്ന് റിപ്പോർട്ട്

ലിഫ്‌റ്റ് സൗകര്യം ഇല്ലാത്തതിനാൽ ആശുപത്രിയിൽ മരിച്ചയാളുടെ മൃതദേഹം ചുമട്ടു തൊഴിലാളികൾ ചുമന്നു താഴെ എത്തിച്ചത് വൻ വിവാദമായിരുന്നു. അതേസമയം ലിഫ്‌റ്റ് അടിയന്തരമായി പുനഃസ്ഥാപിക്കാനായി വിദഗ്‌ധ സമിതിയേയും ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

Last Updated : May 2, 2023, 8:18 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.