Fake Certificate | 'സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഇപ്പോൾ എസ്‌എഫ്‌ഐയുടെ പണി' ; സ്വരം കടുപ്പിച്ച് കെഎസ്‌യു - നിഖിൽ തോമസ്
🎬 Watch Now: Feature Video
കണ്ണൂര്‍ : എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് രാഷ്ട്രീയ പിൻബലത്തിൽ ഡിഗ്രി ജയിക്കാതെ പിജി അഡ്‌മിഷൻ നേടിയ സംഭവത്തിൽ എസ്എഫ്ഐക്കെതിരെ ആരോപണം കടുപ്പിച്ച് കെഎസ്‌യു. സിപിഎം നേതാവ് കെ.എം ബാബുജാനാണ് നിഖിലിന്‍റെ പ്രവേശനത്തിനായി മാനേജ്മെന്‍റിൽ സമ്മർദം ചെലുത്തിയത്. ഡിപ്പാർട്ട്‌മെന്‍റ് തലവൻ സോണിക്കും നിഖിലിന്‍റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അറിയാമായിരുന്നുവെന്നും കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഇപ്പോൾ എസ്‌എഫ്‌ഐയുടെ പണിയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വാദങ്ങൾ എല്ലാം പൊളിയുകയാണ്. നിഖിലിന് യോഗ്യത സർട്ടിഫിക്കറ്റ് നൽകുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല. അന്നത്തെ പ്രിൻസിപ്പാള്‍ ഭദ്രകുമാരിക്കും ഇതിൽ പങ്കുണ്ടെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സംഭവത്തില്‍ ജൂൺ 17ന് ആലപ്പുഴ എസ്‌പിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല എന്നും ഷമ്മാസ് പറഞ്ഞു.
ഒരുതരത്തിലുള്ള കാര്യക്ഷമമായ പരിശോധനയും നടത്താതെയാണ് അഡ്‌മിഷൻ നൽകിയത്. സിപിഎം ജില്ല സെക്രട്ടറിയേറ്റംഗവും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഡോ.കെ.ബാബുജാൻ കൃത്യമായി ഇടപെട്ടിട്ടുണ്ട്. കോളജ് മാനേജർ പോലും കെഎം ബാബുജാന്‍റെ പേര് നിഷേധിക്കുന്നില്ലെന്നും എച്ച്‌ഒഡിയും പ്രിൻസിപ്പാളും കൂട്ടുനിന്നാണ് നിഖിലിന് അഡ്‌മിഷൻ നൽകിയതെന്നും ഷമ്മാസ് വ്യക്തമാക്കി.
എസ്എഫ്ഐ നേതാവിന് യോഗ്യത സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടിയെന്ന് പരിശോധിക്കണം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്ക് സർട്ടിഫിക്കറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഷമ്മാസ് അഭിപ്രായപ്പെട്ടു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറയുന്ന രീതിയിലേക്ക് പൊലീസും സർക്കാരും മുന്നോട്ട് പോകുന്നുവെന്നും ഷമ്മാസ് കുറ്റപ്പെടുത്തുന്നു.
വ്യാജൻമാരുടെ കേന്ദ്രമായി കേരളത്തിലെ എസ്എഫ്ഐ മാറി. സർവം വ്യാജമയമായ സാഹചര്യത്തിൽ 2016 മുതലുള്ള എസ്എഫ്ഐയുടെ എല്ലാ നേതാക്കളുടെയും മാർക്ക് ലിസ്‌റ്റും സർട്ടിഫിക്കറ്റും പരിശോധിക്കണം. ഡിഗ്രിയും, പിഎച്ച്ഡിയും ഉൾപ്പടെ പരിശോധിക്കണം. നിഖിൽ തോമസിൻ്റെ കോളജ് പ്രവേശനം സംബന്ധിച്ച് ആലപ്പുഴ എസ്‌പിക്ക് കെഎസ്‌യു പരാതി നൽകിയിട്ടും അന്വേഷിക്കാൻ തയ്യാറായില്ലെന്നും ഷമ്മാസ് കുറ്റപ്പെടുത്തി.
വിദ്യയെ പിടികൂടാത്തതിലും വിമര്‍ശനം: വ്യാജരേഖ കേസിലെ പ്രതി വിദ്യയെ പിടികൂടാത്തിലും സർക്കാരിനെ ഷമ്മാസ് കടന്നാക്രമിച്ചു. 13 ദിവസമായിട്ടും ഇത്രയും വലിയൊരു ക്രിമിനലിനെ പിടികൂടാൻ കഴിഞ്ഞില്ല എന്നത് നാണക്കേടാണ്. വിദ്യയെ പിടിക്കാൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്ക് ഒരു റേഡിയോ കോളർ വച്ചാൽ മതിയെന്നും ഷമ്മാസ് പരിഹസിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ തകർക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കെഎസ്‌യു മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.