കെഎസ്‌യു പ്രതിഷേധം : വാർത്താസമ്മേളനത്തിനിടെ മന്ത്രി ആർ ബിന്ദുവിനെതിരെ കൊടിയുമായി പാഞ്ഞടുത്ത് പ്രവർത്തകർ - കേരള വർമ കോളജ് തെരഞ്ഞെടുപ്പ്
🎬 Watch Now: Feature Video
Published : Nov 8, 2023, 6:37 PM IST
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ അനക്‌സ് രണ്ടിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ അമ്പരപ്പിച്ച് പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ (KSU Protest Against Minister R Bindu). മന്ത്രിയുടെ അടുത്തേക്ക് കെഎസ്‌യുവിന്‍റെ കൊടിയുമായി പ്രവർത്തകർ പാഞ്ഞടുക്കുകയായിരുന്നു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുൺ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആഷിക് ബൈജു, പ്രിയങ്ക ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് മന്ത്രിക്കു മുന്നിൽ കെഎസ്‌യുവിന്‍റെ കൊടിയുമായി പാഞ്ഞടുത്തത്. മന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച കെഎസ്‌യു പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിടിച്ചു മാറ്റിയത്. പ്രവർത്തകരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അതേസമയം, പ്രതിഷേധം അത്യന്തം അപലപനീയമാണെന്നും വിമോചന സമരത്തിന്‍റെ ശിശുവാണ് കെഎസ്‌യു എന്നും അതിന്‍റെ പാരമ്പര്യം അവർ കാണിക്കുമെന്നും മന്ത്രി ആർ ബിന്ദു വിമർശിച്ചു. ജനാധിപത്യത്തിന്‍റെ മൂല്യങ്ങളെ സമഗ്രതയോടെ കാണാൻ കെഎസ്‌യുവിന് കഴിയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ടുവെന്നാരോപിച്ച് കെഎസ്‌യു മന്ത്രിയുടെ വസതിക്കു മുൻപിൽ അടക്കം വിവിധയിടങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് സെക്രട്ടേറിയറ്റിന്‍റെ അനക്‌സ് ടുവിലേക്ക് കയറിയത്. എന്നാൽ, കേരള വർമ കോളജ് തെരഞ്ഞെടുപ്പിൽ ഇടപെട്ടു എന്ന് ആരോപിക്കുന്നവർ എങ്ങനെ ഇടപെട്ടു എന്ന് വ്യക്തമാക്കണമെന്നും അത്തരത്തിൽ പരാതി ഉണ്ടെങ്കിൽ അത് അറിയിക്കാൻ മാർഗങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. കോളജ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് വന്നാൽ അത് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകാം. എന്നാൽ ഇതുവരെയും തനിക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ല. അപഹാസ്യമായ പ്രതിഷേധങ്ങളാണ് കെഎസ്‌യു നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.