വിഷം ഉള്ളില്‍ച്ചെന്ന് 12കാരന്‍ മരിച്ച സംഭവം : പ്രതി ഐസ്‌ക്രീം വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്ത് - അഹമ്മദ് ഹസൻ റിഫായി
🎬 Watch Now: Feature Video
കോഴിക്കോട് : വിഷം ചേര്‍ത്ത ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതി കടയില്‍ നിന്ന് ഐസ്‌ക്രീം വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യം ഇടിവി ഭാരതിന്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി എന്ന 12കാരനാണ് പിതാവിന്‍റെ സഹോദരി വിഷം കലര്‍ത്തിയ ഐസ്‌ക്രീം കഴിച്ച് മരിച്ചത്. കൊയിലാണ്ടിയിലെ വളം വില്‍ക്കുന്ന കടയില്‍ നിന്നുമാണ് പ്രതി വിഷം വാങ്ങിയത്.
സംഭവത്തില്‍ മുഹമ്മദലിയുടെ സഹോദരി താഹിറയെ(38) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്‌തു. മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വച്ചാണ് താന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് എന്ന് താഹിറ മൊഴി നല്‍കി. എന്നാല്‍ ഇവര്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടി അതെടുത്ത് കഴിക്കുകയായിരുന്നു.
ഞായറാഴ്‌ചയാണ് സംഭവം നടന്നത്. ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദിക്കുകയും കുട്ടി അവശനിലയിലാകുകയും ചെയ്‌തു. വീടിനുസമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയ്യൂരിലും ചികിത്സ തേടുകയും ചെയ്‌തിരുന്നു. ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്‌ച പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സ തേടി.
പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അവിടെ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ അമോണിയം ഫോസ്‌ഫറസിന്‍റെ അംശം കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണമാണ് താഹിറയില്‍ എത്തിയത്. അടുത്തടുത്ത വീടുകളിലാണ് ഇരു കുടുംബങ്ങളും താമസിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലനടത്താന്‍ പ്രേരിപ്പിച്ചത് എന്ന് താഹിറ പൊലീസിനോട് പറഞ്ഞു. താഹിറയ്‌ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം.