Kottooli Wetland Destruction കോട്ടൂളി തണ്ണീർത്തടം നാശത്തിന്‍റെ വക്കിൽ; കയ്യേറ്റവും നികത്തലും തണ്ണീർത്തടത്തിന്‍റെ ജീവനെടുക്കുന്നു
🎬 Watch Now: Feature Video
കോഴിക്കോട്: ദേശീയ ശ്രദ്ധയാകർഷിച്ച കോഴിക്കോട് കോട്ടൂളി തണ്ണീർത്തടമാണ് കയ്യേറ്റം കൊണ്ടും അനാസ്ഥ കൊണ്ടും നാശത്തിന്‍റെ വക്കിലായത് (Wetland Destruction). 200 ഏക്കറിലധികം ഉണ്ടായിരുന്ന കോട്ടൂളി തണ്ണീർത്തടം ഇന്ന് 150 ഏക്കറോളം മാത്രമാണ് ബാക്കിയുള്ളത്. സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയും കണ്ടലുകൾ കത്തിച്ചതുമാണ് കോട്ടൂളി തണ്ണീർത്തടത്തിന്‍റെ വിസ്‌തൃതി കുറച്ചത്. തണ്ണീർത്തട സംരക്ഷണത്തിന് വേണ്ടിയുള്ള ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്‌മയായ റാംസർ സൈറ്റിനു വേണ്ടി നിർദേശിക്കപ്പെട്ട 7 തണ്ണീർത്തടങ്ങളിൽ ഒന്നാണ് കോട്ടൂളി തണ്ണീർത്തടം. അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തട പ്രദേശമാണ് റാംസർ സൈറ്റ് തണ്ണീര്‍ത്തടങ്ങളുടെയും തണ്ണീർത്തട വിഭവങ്ങളുടെയും സംരക്ഷണത്തിനും വിവേകപൂർവമായ വിനിയോഗത്തിനും വേണ്ടി ഉടലെടുത്തതാണിത്. കോട്ടൂളി തണ്ണീർത്തടത്തിലേക്ക് ഉപ്പുവെള്ളം വരുന്ന സ്രോതസുകളെല്ലാം ഇപ്പോൾ റോഡ് വികസനത്തിന്‍റെ പേരിൽ അടഞ്ഞുപോയ നിലയിലാണ്. ഉപ്പുവെള്ളം തണ്ണീർത്തടത്തിലേക്ക് വരാതായാൽ ഉള്ള കണ്ടലുകൾ പോലും ഉണങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക. തണ്ണീർത്തടം നികത്തി നിർമ്മിച്ച മിക്ക കെട്ടിടങ്ങൾക്കും ഇതുവരെ നമ്പർ പോലും നൽകിയിട്ടില്ല. ഇത്തരത്തിൽ നമ്പറുകൾ ഇല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് സർക്കാറോ - കോർപ്പറേഷനോ അടിയന്തര നടപടിയെടുക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. അതുകൊണ്ടുതന്നെ സമഗ്ര പഠനം നടത്തി കോട്ടൂളിയിലെ തണ്ണീർത്തടവും കണ്ടൽക്കാടുകളും സംരക്ഷിക്കുന്നതിനും പൂർവസ്ഥിതിയിൽ ആക്കുന്നതിനും ആവശ്യമായ നടപടികൾക്ക് വേഗത വർദ്ധിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കോട്ടൂളിയിലെ തണ്ണീർത്തടവും കണ്ടൽക്കാടുകളും ഇല്ലാതാകുന്നതിന് ഏറെക്കാലം കാത്തിരിക്കേണ്ടി വരില്ല.