video: ദേശം സാക്ഷി, മഹാദേവനെ വണങ്ങി 'നെടുംകുതിര'; തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം - തിരുവാതിര മഹോത്സവം
🎬 Watch Now: Feature Video
കൊല്ലം: ഭക്തിയുടെ നിറകുടം കായൽ പരപ്പിലൂടെ തെന്നി നീങ്ങി. അന്തിവെയിലിൽ വെട്ടി തിളങ്ങി തേവള്ളി കരക്കാരുടെ നെടുംകുതിര തൃക്കടവൂർ മഹാദേവനെ വണങ്ങി. തേവള്ളി കടവിൽ നിന്നും പ്രത്യേക പൂജകൾക്കും ശേഷം കരക്കാരുടെയും, മറ്റ് ഭക്തജനങ്ങളെയും സാക്ഷി നിർത്തി അഷ്‌ടമുടി കായലിൽ പ്രത്യേകം സജ്ജമാക്കിയ ചങ്ങാടത്തിൽ നെടുകുതിര തെന്നി നീങ്ങിയത് കാഴ്ചയുടെ നവ്യാനുഭൂതിയായി.
തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ കുംഭ തിരുവാതിര മഹോത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് ഘോഷ യാത്രയിൽ പങ്കെടുത്ത് മഹാദേവന്‍റെ അനുഗ്രഹം സ്വീകരിക്കാനാണ് തേവള്ളി കരക്കാരുടെ നെടുംകുതിര അഷ്‌ടമുടിയുടെ വിരിമാറിലൂടെ ചെണ്ടമേളത്തിന്‍റെയും ഭക്തരുടെ ആർപ്പുവിളികളോടെയും തൃക്കടവൂർ കുതിര കടവിൽ ചങ്ങാടത്തിൽ എത്തിയത്. പിന്നീട് വിവിധ ചേരിക്കാരുടെ നെടുംകുതിരയ്ക്കൊപ്പം ഭക്തരുടെ തോളിൽ കയറി ക്ഷേത്രത്തിന് വലംവച്ച് അനുഗ്രഹവും വാങ്ങി.
കായലിലൂടെ തെന്നി നീങ്ങുന്ന കുതിര രാജാവിനെ കാണാൻ അഷ്‌ടമുടി കായലിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ എത്തിചേർന്നിരുന്നു. തേവള്ളി പാലത്തിൽ നിന്നുള്ള കാഴ്‌ചയും നയന മനോഹരമായിരുന്നു.
തൃക്കടവൂർ മഹാദേവ ക്ഷേത്രം: കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ കടവൂർ ദേശത്താണ് പുരാതനമായ തൃക്കടവൂർ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ 108 ശിവാലയങ്ങളില്‍ ഒന്നാണ് തൃക്കടവൂർ മഹാദേവ ക്ഷേത്രം. മൃത്യുഞ്ജയഭാവത്തിൽ പടിഞ്ഞാറോട്ടായി ദർശനം നൽകുന്ന ശിവ പ്രതിഷ്‌ഠയ്‌ക്ക് ഉപദേവതകളായി ഗണപതിയും അയ്യപ്പനും ശ്രീകൃഷ്‌നും നാഗദൈവങ്ങളും കുടികൊള്ളുന്നു. കുംഭ മാസത്തിലെ തിരുവാതിര നക്ഷത്രത്തില്‍ ആറാട്ടോടു കൂടി സമാപിക്കുന്ന പത്ത് ദിവസത്തെ ഉത്സവവും ശിവരാത്രിയുമാണ് ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വത്തിന്‍റെ കീഴിലുള്ളതാണ് ഈ ശിവക്ഷേത്രം.
എടുപ്പുകുതിര: തെക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന ഒരു അനുഷ്ഠാനമാണ് എടുപ്പുകുതിര അല്ലെങ്കിൽ കെട്ടുകുതിര എഴുന്നള്ളത്ത്. കെട്ടുകുതിര എന്നാണ് പേരെങ്കിലും യഥാർഥത്തിലെ കുതിരയുമായി ഇതിന് ഒരു ബന്ധവുമില്ല. പഗോഡകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആകാശത്തിലേക്കു ഉയർന്നു നില്ക്കുന്ന ഒരു രൂപമാണ് എടുപ്പുകുതിരയ്ക്ക്.15 മീറ്റർ വരെ ഉയരമുള്ള കെട്ടുകുതിരകൾ തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ കെട്ടിയുണ്ടാക്കാറുണ്ട്.
TAGGED:
Kerala temple festival