കെഎംഎംഎല്‍ രാസമാലിന്യ പ്രശ്‌നം: ചിറ്റൂരിലെ ദുരിതമകറ്റാൻ സർക്കാരിന്‍റെ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് - ചിറ്റൂരിലെ രാസമാലിന്യ പ്രശ്‌നം
🎬 Watch Now: Feature Video
കൊല്ലം: ചിറ്റൂർ മേഖലയിലെ രാസമാലിന്യ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രമുഖ പൊതുമേഖല സ്ഥാപനമായ കൊല്ലം ചവറയിലെ കെഎംഎംഎല്‍ (കേരള മിനറൽസ് ആൻഡ് മെറ്റൽസ്) പുറംതള്ളുന്ന രാസമാലിന്യമാണ് ചിറ്റൂർ മേഖലയെ ദുരിതത്തിലാക്കിയത്. വിഷയം യുഡിഎഫ് ഏറ്റെടുക്കുകയാണെന്നും പ്രശ്‌നപരിഹാരം ഉണ്ടാകുന്നതുവരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഭൂമി ഏറ്റെടുക്കാതെ ഇടതുസര്‍ക്കാര്‍: ദുരിതജീവിതം പേറുന്ന ചിറ്റൂർ ജനതയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍. പതിറ്റാണ്ടുകളായി പൊതുമേഖല സ്ഥാപനമായ ചവറ കെഎംഎംഎൽ പുറന്തള്ളുന്ന രാസമാലിന്യത്തെ തുടര്‍ന്ന് ദുരിതക്കയത്തിലായിരിക്കുകയാണ് ചിറ്റൂർ നിവാസികൾ. പ്രതിപക്ഷ നേതാവിന്‍റെ ഈ ഇടപെടല്‍ വലിയ ആശ്വാസമാണ് പ്രദേശവാസികള്‍ക്ക് നല്‍കിയത്. ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മാലിന്യ നിര്‍മാര്‍ജനത്തിനുമായി ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് പദ്ധതി തയ്യാറാക്കുകയും 125 കോടി രൂപ അനുവദിക്കുകയും ചെയ്‌തിരുന്നു. തുടർന്നുവന്ന ഇടതുസർക്കാർ ഭൂമി പോലും ഏറ്റെടുക്കാതെ ഈ പദ്ധതി അട്ടിമറിക്കുകയായിരുന്നു.
രാസമാലിന്യങ്ങൾ അടിഞ്ഞുകൂടി കൃഷി ഭൂമിയും ശുദ്ധജലസ്രോതസുകളും നഷ്‌ടപ്പെട്ട ചിറ്റൂരിലെ വലിയൊരു വിഭാഗം ജനങ്ങളിന്ന് മാറാരോഗങ്ങൾക്ക് അടിമകളാണ്. ശാശ്വത പ്രശ്‌ന പരിഹാരത്തിനുള്ള തുടർപോരാട്ടങ്ങളിൽ ചിറ്റൂർ ജനതയ്ക്കുള്ള പൂര്‍ണ പിന്തുണ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും മുന്നിലേക്ക് ചിറ്റൂർ ജനതയുടെ നീറുന്ന പ്രശ്‌നങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.