Robbery in Kumbla | കാസർകോട് വൻ കവർച്ച ; പ്രവാസിയുടെ വീട്ടില്‍ നിന്ന് കാറും 10 പവനും കാല്‍ലക്ഷം രൂപയും മോഷ്‌ടിച്ചു - സിസിടിവി
🎬 Watch Now: Feature Video
കാസര്‍കോട് : കുമ്പളയില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. കുമ്പള ഉജാര്‍ കൊടിയമ്മയിലെ അബൂബക്കറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. സ്വിഫ്റ്റ് കാറും, വീടിനകത്ത് നിന്ന് 10 പവനോളം സ്വര്‍ണാഭരണങ്ങളും കാല്‍ലക്ഷം രൂപയും കവര്‍ന്നു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്നതായിരുന്നു കെഎല്‍ 14 ആര്‍ 4570 നമ്പര്‍ സ്വിഫ്റ്റ് കാർ. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്‌ടമായത്. അബൂബക്കര്‍ വിദേശത്തായതിനാല്‍ വീട്ടില്‍ ഭാര്യയും മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഉറങ്ങുകയായിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം.
പ്രാഥമിക അന്വേഷണത്തില്‍ വീടിന്‍റെ വാതിലോ മറ്റോ തകര്‍ത്തതായി കണ്ടെത്തിയിട്ടില്ല. അതേസമയം ജനലിന്‍റെ കൊളുത്ത് അകത്തുനിന്ന് വലിച്ചെടുത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മോഷ്‌ടാക്കള്‍ നേരത്തെ തന്നെ വീട്ടിനകത്ത് കയറിയിട്ടുണ്ടാവാമെന്നാണ് സംശയിക്കുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കവര്‍ച്ച നടന്ന വീട്ടില്‍ ക്യാമറ ഇല്ലാത്തതിനാൽ സമീപത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.