'പ്രസംഗത്തിലും പ്രചരണത്തിലും ഉള്ള വേഗത ട്രെയിനിന് ഉണ്ടാകില്ല' : വന്ദേഭാരതിനെ പരിഹസിച്ച് കാനം രാജേന്ദ്രൻ
🎬 Watch Now: Feature Video
കാസർകോട് : വന്ദേഭാരതിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നതു പോലെയല്ല യാഥാർഥ്യം. സിൽവർ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം വേണമെന്നും ചർച്ചകൾ ഇനിയും തുടരുമെന്നും കാനം പറഞ്ഞു.
അതേസമയം മിൽമ വില വർധനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മിൽമ ഒരു സഹകരണ പ്രസ്ഥാനമാണെന്നും വില നിശ്ചയിക്കാനുള്ള അധികാരം അവർക്കുണ്ടെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. സർക്കാരുമായി ആലോചിച്ചാണ് വില വർധന ഉണ്ടാകാറുള്ളത്. സർക്കാരുമായുള്ള ആശയവിനിമയത്തിൽ എവിടെയാണ് പിഴവ് ഉണ്ടായതെന്ന് പരിശോധിക്കണമെന്നും കാനം പറഞ്ഞു.
also read: പാലിന് ഒരു രൂപ വീതം കൂട്ടി മിൽമ ; വിലവർധന അറിയിച്ചില്ലെന്ന് മന്ത്രി ചിഞ്ചുറാണി
കഴിഞ്ഞ ദിവസം മിൽമ പാലിന് ഒരു രൂപ വർധിപ്പിച്ചിരുന്നു. മിൽമ റിച്ചിന് 29 രൂപയിൽ നിന്ന് 30 രൂപയായും മിൽമ സ്‌മാർട്ടിന് 24 രൂപയിൽ നിന്ന് 25 രൂപയുമായാണ് വില വർധിപ്പിച്ചത്. ഇന്ന് മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരിക. അതേസമയം വില വർധനവ് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.