ശബരിമലയിൽ അയ്യപ്പന് കളഭാഭിഷേകം - Sabarimala
🎬 Watch Now: Feature Video
Published : Dec 31, 2023, 3:57 PM IST
പത്തനംതിട്ട: ശബരിമലയിലെ പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നായ കളഭാഭിഷേകം ഇന്ന് നടന്നു. മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നതിനു ശേഷമുള്ള ആദ്യ കളഭാഭിഷേകം ആയിരുന്നു ഇത്. നിത്യേനയുള്ള 25 കലശാഭിഷേകം കഴിഞ്ഞ് ഉച്ചയ്ക്ക് 12ന് ഉച്ചപൂജയ്ക്ക് മുൻപായാണ് ശബരീശരന്‍റെ ഇഷ്‌ട വഴിപാടുകളിൽ ഒന്നായ കളഭാഭിഷേകം നടന്നത്. തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ പൂജിച്ച് കളഭകുംഭം മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം നടത്തിയ ശേഷമാണ് ശ്രീകോവിലിൽ എത്തിച്ച് കളഭാഭിഷേകം നടത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ശബരിമല മകരവിളക്ക് ഉത്സവത്തിനായി നട തുറന്നത്. ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയാണ് നടതുറന്നത്. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയ താക്കോലും വിഭൂതിയും ഏറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേല്‍ശാന്തി പി ജി മുരളി ഗണപതിയേയും നാഗരാജാവിനെയും തൊഴുത ശേഷം മാളികപ്പുറം ക്ഷേത്രശ്രീകോവിലും തുറന്നു. മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി ആഴിയില്‍ അഗ്നി പകര്‍ന്നതോടെ ഭക്തര്‍ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തി.