വ്യാജ സർട്ടിഫിക്കറ്റ് കേസ് ; കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായി, ചോദ്യം ചെയ്യൽ തുടരുന്നു - Fake certificate case K Vidya
🎬 Watch Now: Feature Video
കാസർകോട് : കരിന്തളം ഗവണ്‍മെന്‍റ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ വ്യാജരേഖ സമർപ്പിച്ച് നിയമനം നേടിയ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായി. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി. ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് ഡിവൈഎസ്‌പി വ്യക്തമാക്കി. പൊലീസ് കരിന്തളം ഗവണ്‍മെന്‍റ് കോളജ് പ്രിൻസിപ്പലിനെ വിദ്യക്കൊപ്പമിരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കരിന്തളം ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ജെയ്‌സൺ വി ജോസഫിന്‍റെ മൊഴിയാണ് രേഖപ്പെടുത്തിയത്.
അഗളി പൊലീസിന് വിദ്യ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. നിയമനം നേടാൻ ഉപയോഗിച്ച വ്യാജ സർട്ടിഫിക്കറ്റിന്‍റെ യഥാർഥ രേഖ എവിടെയെന്ന് കണ്ടെത്തുന്നത് കേസിൽ നിർണായകമാകും. കരിന്തളം ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്‌സൺ നൽകിയ പരാതിയിലാണ് നീലശ്വരത്തെ കേസ്.
വ്യാജരേഖ നിർമിക്കൽ (IPC 468), വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കൽ (IPC 471), വഞ്ചന (IPC 420) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കാസർകോട് കരിന്തളം ഗവൺമെന്‍റ് കോളജിൽ വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ച് തന്നെയെന്നതും കോളീജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തിയിരുന്നു.
ഒരു വർഷക്കാലം വിദ്യ കോളജിൽ അധ്യാപികയായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ വിദ്യക്ക് നൽകിയ ശമ്പളം തിരിച്ച് പിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായേക്കും.