എട്ട് മിനിറ്റിൽ പണി തീർക്കും! റോഡിലെ കുഴി അടയക്കാൻ ഇനി ഇൻഫ്രാറെഡ് പാച്ച്‌വർക്ക് - ഇൻഫ്രാറെഡ് ഹോട്ട് ടു ഹോട്ട്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18702910-thumbnail-16x9-jdfgf.jpg)
കോട്ടയം : സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ അടയ്‌ക്കാൻ ഇൻഫ്രാറെഡ് പാച്ച്‌വർക്ക് എന്ന പുത്തൻ സംവിധാനം എത്തി. കോട്ടയം മുതൽ അങ്കമാലി വരെയുള്ള എം സി റോഡിൽ കുഴികളടയ്ക്കുന്ന ജോലികൾ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. ലോകം മാറുന്നതിനനുസൃതമായി വികസന പ്രവർത്തനങ്ങളിൽ നവീനമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് സംസ്ഥാനത്തുള്ളതെന്നും കേരളത്തിലെ 30,000 കിലോമീറ്ററുള്ള പൊതുമരാമത്ത് റോഡുകളിൽ 20,000 കിലോമീറ്ററിലധികം റോഡുകളിലും റണ്ണിങ് കോൺട്രാക്‌ട് സംവിധാനം നടപ്പാക്കിയെന്നും മന്ത്രി ചടങ്ങില്‍ കൂട്ടിച്ചേർത്തു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആദ്യം എംസി റോഡില്‍: ഇൻഫ്രാറെഡ് ഹോട്ട് ടു ഹോട്ട് എന്ന യൂറോപ്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് റോഡ് പരിപാലനത്തിനായി സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ റോഡിലെ കുഴികൾ അടയ്ക്കാനും റോഡ് ചൂടാക്കി കുഴികളിൽ ജലാംശം കടക്കാതെ ടാറിങ് നടത്തി കൂടുതൽ കാലം റോഡിനെ പരിപാലിച്ചു നിർത്താനും പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കും. കുറഞ്ഞ നിർമാണ ചെലവും അസംസ്‌കൃത വസ്‌തുക്കളുടെ വിലക്കുറവും മലിനീകരണത്തിന്‍റെ തോത് കുറവാണെന്നതുമെല്ലാം പുതിയ സാങ്കേതികവിദ്യയുടെ പ്രത്യേകതകളാണ്.
എട്ട് മിനിറ്റ് കൊണ്ട് കുഴി അടയ്‌ക്കും : പാലായിലെ രാജി മാത്യു ആൻഡ് കമ്പനിയാണ് റണ്ണിങ് കോൺട്രാക്‌ട് സംവിധാനത്തിന്‍റെ ഭാഗമായി യന്ത്രം ഇറക്കുമതി ചെയ്‌തിരിക്കുന്നത്. എട്ട് മിനിറ്റിൽ ഒരു കുഴി അടയ്ക്കാം എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ചെറിയ നാല് യന്ത്രങ്ങൾ അടങ്ങുന്ന യൂണിറ്റാണ് ഇൻഫ്രാറെഡ് പാച്ച്‌വർക്ക് യൂണിറ്റ്.
ആദ്യ ഘട്ടത്തിൽ കുഴിയും അതിന്‍റെ പരിസരവും 140 ഡിഗ്രിയിൽ ചൂടാക്കും. ബിറ്റ് മിൻ എമൽഷൻ കുഴികളിൽ സ്പ്രേ ചെയ്യും. കുഴിയിൽ നിക്ഷേപിക്കാനുള്ള മിക്‌സ് 140 ഡിഗ്രി ചൂടിൽ സൂക്ഷിക്കാനുള്ള ഹോട്ട് ബോക്‌സ് ചേംബർ യന്ത്രങ്ങൾക്കൊപ്പമുണ്ട്. മിക്‌സ് കുഴിയിൽ നിക്ഷേപിച്ച് കോംപാക്‌ടർ ഉപയോഗിച്ച് ഉറപ്പിക്കുന്നതോടെ പണി പൂർത്തിയാകും.