Idukki Cheruthoni Dam Tourism ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു; ഒക്ടോബർ 31 വരെ സമയപരിധി നീട്ടി - കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
🎬 Watch Now: Feature Video
Published : Sep 6, 2023, 3:40 PM IST
ഇടുക്കി: ഇടുക്കി - ചെറുതോണി (Idukki Cheruthoni Dam) അണക്കെട്ടുകള്‍ ഒക്ടോബർ 31 വരെ സന്ദർശകർക്കായി തുറന്നു കൊടുക്കും. രാവിലെ 9.30 മുതൽ മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് സന്ദര്‍ശന സമയം. ഡാമിലെ ജലനിരപ്പ് ക്രമീകരണ ദിവസങ്ങളിലും, സാങ്കേതിക പരിശോധനകൾ നടത്തുന്ന ബുധനാഴ്‌ചകളിലും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. ഓണം (Onam) പ്രമാണിച്ച് ഓഗസ്‌റ്റ് 31 വരെയായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ, കേരള ഹൈഡൽ ടൂറിസം സെന്‍റര്‍ (Kerala hydel tourism centre) ഡയറക്‌ടറുടെ നിർദേശത്തെത്തുടർന്ന് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (Kerala State electricity board) ഡയറക്‌ടര്‍ ഒക്ടോബർ 31 വരെ അനുമതി നീട്ടി നൽകുകയായിരുന്നു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കാണാൻ അവസരം ഉണ്ട്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളിൽകൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. വലിയ യാത്ര സംഘത്തിനായി കെഎസ്ഇബി ടെമ്പോ ട്രാവലറും ലഭ്യമാക്കിയിട്ടുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേർക്ക് 600 രൂപയാണ് ചാർജ് ഈടാക്കുന്നത്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇടുക്കി ഡാമിലെ ജലാശയങ്ങളിലൂടെ വനം വകുപ്പ് ഒരുക്കിയിട്ടുള്ള ബോട്ട് യാത്രക്ക് പുറമെ സമീപത്തുള്ള ഹിൽ വ്യൂ പാർക്ക്, കാൽവരി മൗണ്ട് വ്യൂ പോയിന്‍റ് തുടങ്ങിയ കാഴ്‌ചകളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.