അകാലത്തില്‍ മരണമടഞ്ഞ ഭാര്യയ്‌ക്കായി ക്ഷേത്രം, പ്രതിമ നിര്‍മിച്ച് മുടങ്ങാതെ ആരാധനയും; പ്രിയതമയുടെ വിയോഗം തകര്‍ത്ത രാം സേവക് - താജ്‌മഹല്‍
🎬 Watch Now: Feature Video
ഫത്തേപുര്‍ (ഉത്തര്‍ പ്രദേശ്): പ്രിയതമയായ മുംതാസിന് വേണ്ടിയാണ് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജ്‌മഹല്‍ പണിയുന്നത്. ചരിത്രത്തിലെ ഈ പ്രവര്‍ത്തിയില്‍ ഷാജഹാനെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ രംഗത്തെത്താറുണ്ടെങ്കിലും, താജ്‌മഹലിനെ ലോകം കണ്ട മികച്ച നിര്‍മിതികളിലൊന്നായി പരിഗണിക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. മാത്രമല്ല അതുല്യപ്രേമത്തിന്‍റെ അടയാളമായി തന്നെയാണ് ഇന്നും താജ്‌മഹല്‍ അറിയപ്പെടുന്നത്. ഇത്തരത്തില്‍ അകാലത്തില്‍ തന്നെ വിട്ടുപിരിഞ്ഞ ഭാര്യയോടുള്ള സ്‌നേഹത്തിന് സ്‌മാരകം തീര്‍ത്തിരിക്കുകയാണ് ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ല നിവാസിയായ രാം സേവക്. പക്ഷെ ഭാര്യയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു സ്‌മാരകം എന്നതിലുപരി, അവരുടെ പ്രതിമ പണിത് ക്ഷേത്രം സ്ഥാപിച്ച് ആരാധന തുടരുകയാണ് ഇയാള്‍. ഭാര്യ രൂപയുടെ മരണത്തില്‍ ഏറെ ദുഖത്തിലാഴ്‌ന്ന ഇയാള്‍ തിരക്കുകളിലേര്‍പ്പെട്ട് മനപ്പൂര്‍വം സംഭവം മറക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് പ്രതിമയുടെ നിര്‍മാണവും വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയായുള്ള ഫാമില്‍ ക്ഷേത്ര നിര്‍മാണവും നടത്തുന്നത്. മാത്രമല്ല നിത്യേന രാവിലെയും വൈകുന്നേരത്തും ആരാധനയും ആരംഭിച്ചു. രൂപയ്ക്ക് ഒട്ടനേകം ഗുണങ്ങളുണ്ടായിരുന്നു. അവൾ സദ്‌ഗുണ സമ്പന്നയായിരുന്നു. ജീവിതത്തിൽ വേദനാജനകമായ നിരവധി ഘട്ടങ്ങൾ ഉണ്ടായിരുന്നപ്പോഴെല്ലാം അവള്‍ എനിക്ക് താങ്ങും തണലുമായിരുന്നു. ഒരു നിഴൽ പോലെ എനിക്കൊപ്പമുണ്ടായിരുന്ന അവൾ, ഞാന്‍ ഓഫിസിൽ നിന്ന് വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഒരുമിച്ചല്ലാതെ ഭക്ഷണം കഴിക്കാറില്ലായിരുന്നു. അവര്‍ കൂടെയുണ്ടായിരുന്ന സമയമത്രയും കുടുംബത്തിൽ എപ്പോഴും സന്തോഷമായിരുന്നുവെന്നും രാം സേവക് പറയുന്നു. 1977 മെയ് 18 നാണ് രാം സേവകും രൂപയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പടെ അഞ്ച് മക്കളുമുണ്ട്. എന്നാല്‍ 2020 മെയ് 18 കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.