തടി, ക്ലേ തുടങ്ങി മെഴുകു വരെ; ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങള്‍ തീര്‍ത്ത് രാജേഷ് കേശവന്‍ - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
ഇടുക്കി: കട്ടപ്പന സ്വദേശി രാജേഷ് കേശവൻ്റെ കരവിരുതിൽ ജന്മമെടുക്കുന്നത് ജീവൻ തുടിക്കുന്ന ശിൽപ്പങ്ങളാണ്. സിമൻ്റിലും തടിയിലും മുതൽ കളിമണ്ണിൽ വരെയാണ് രാജേഷ് അത്യാകര്‍ഷകമായ ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നത്. തടി, സിമൻ്റ്, പ്ലാസ്റ്റർ ഓഫ് പാരിസ്, ക്ലേ, മെഴുക് തുടങ്ങി ഏത് മാധ്യമത്തിലും രാജേഷ് ശിൽപ്പങ്ങൾ തീര്‍ക്കും.
ശില്‍പ്പങ്ങളുടെ കൂട്ടത്തില്‍ ക്രിസ്‌തുവും കൃഷ്‌ണനുമാണ് രാജേഷിന് ഏറ്റവും പ്രിയം. എങ്കിലും ഇദ്ദേഹം നിർമിച്ച മോഹൻലാലിൻ്റെ കുഞ്ഞൻ രൂപവും മുട്ടക്കുള്ളിലെ കുഞ്ഞും ആരേയും ആകർഷിക്കും. സ്വന്തമായി വരച്ചെടുത്ത ചിത്രങ്ങളാണ് ശിൽപ്പങ്ങളായി മാറുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ചുള്ള കൊത്തുപണികൾക്കിടയിൽ രാജേഷിനെ വ്യത്യസ്‌തനാക്കുന്നതും അതുകൊണ്ട് തന്നെ.
തമിഴ്‌നാട് കൂടല്ലൂരിലുള്ള ക്ഷേത്രത്തിലേക്ക് ഏഴ് അടി നീളവും 2.5 അടി ഉയരവുമുള്ള ഗജലക്ഷ്‌മി രൂപത്തിൻ്റെ നിർമാണം അവസാന ഘട്ടത്തിലാണ്. കുട്ടിക്കാലം മുതല്‍ തന്നെ ശില്‍പ്പനിര്‍മാണങ്ങളോട് താത്‌പര്യമുള്ള രാജേഷ് പ്രൊഫഷണലായി തെരഞ്ഞെടുത്തത് ഗ്ലാസ് പെയിന്‍റിങാണ്. എന്നാല്‍, കൊവിഡ് മഹാമാരിയുടെ കാലത്താണ് തടി, സിമൻ്റ്, പ്ലാസ്റ്റർ ഓഫ് പാരിസ്, ക്ലേ, മെഴുക് തുടങ്ങിയ വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ശില്‍പ്പ നിര്‍മാണത്തില്‍ രാജേഷ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.