ഗുരുവായൂര്‍ ദേവസ്വം ആനകൾക്ക് സുഖചികിത്സ ആരംഭിച്ചു; മൃഗങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുമെന്ന് മന്ത്രി ചിഞ്ചുറാണി - മൃഗങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ
🎬 Watch Now: Feature Video
തൃശൂര്‍: ദേവസ്വം ആനകൾക്ക് വർഷം തോറും സുഖചികിത്സ നൽകുന്ന ഗുരുവായൂർ ദേവസ്വം പ്രവർത്തനം നാട്ടാന പരിപാലനത്തിലെ അനുകരണീയ മാതൃകയാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കാട് പോലെ ഒരു ആവാസവ്യവസ്ഥ പരിപാലിച്ച് നാട്ടാനകളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തുന്ന വാർഷിക സുഖചികിത്സയുടെയും നാട്ടാന പരിപാലനം - ദേശീയ സെമിനാറിൻ്റെയും ഉദ്ഘാടനം ഗുരുവായൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
മൃഗങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുമെന്ന് മന്ത്രി: നാട്ടാനകളുടെ വംശവർധനവിന് എന്തു ചെയ്യാനാകുമെന്ന് വനം, ദേവസ്വം, മൃഗസംരക്ഷണം വകുപ്പുകൾ ആലോചിക്കണം. ഗുരുവായൂർ ദേവസ്വം നിവേദനം നൽകിയാൽ ഈ കാര്യത്തിൽ തുടർനടപടികൾക്കായി സർക്കാർ യോഗം വിളിച്ചു ചേർക്കും. മനുഷ്യരുടേതു പോലെ മൃഗങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തുന്ന സർക്കാരാണിതെന്നും ദേവസ്വം ആവശ്യപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പിലെ ഡോക്‌ടർമാരുടെ സേവനം വിട്ടു നൽകും.
ദേവസ്വം കൊമ്പൻ ബാലകൃഷ്‌ണന് ഔഷധ ചോറുരുള നൽകി സുഖചികിത്സയ്ക്ക് മന്ത്രി തുടക്കമിട്ടു. ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ചടങ്ങിൽ ഗുരുവായൂർ എംഎൽഎ ശ്രീ.എൻ.കെ അക്ബർ മുഖ്യാതിഥിയായി. നഗരസഭ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ഷൈലജ സുധൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ ഗോപിനാഥ്, മനോജ് ബി.നായർ, അഡ്‌മിനിസ്ട്രേറ്റർ കെ.പി വിനയൻ, ഡി.എ ഇ എസ് മായാദേവി, അസി മാനേജർ എം.കെ സുരേഷ്, ജീവ ധനം വിദഗ്‌ധ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ദേവസ്വം ഭരണസമിതി അംഗവും മുൻ എംപിയുമായ ശ്രീ ചെങ്ങറ സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ദേവസ്വം ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ ഇ .എസ് മായാദേവി നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ നാട്ടാന പരിപാലനവും വന്യജീവി സംരക്ഷണവും എന്ന വിഷയത്തിൽ ജീവധനം വിദഗ്‌ധ സമിതി അംഗം ഡോ.പി.ബി ഗിരിദാസ്, വനം വകുപ്പ് റേഞ്ച് ഓഫിസർ ശ്രീ.രഞ്ചിത്ത് എന്നിവർ സംസാരിച്ചു. ഇവർക്കുള്ള ശ്രീ ഗുരുവായൂരപ്പൻ്റെ കളഭവും പഴം പഞ്ചസാരയും വെണ്ണയുമടങ്ങിയ പ്രസാദം ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ സമ്മാനിച്ചു.
സുഖചികിത്സ ഒരു മാസത്തേക്ക്: ജൂലൈ 30 വരെയാണ് സുഖചികിത്സ നടക്കുക. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്‌ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. 41ആനകളിൽ 23 എണ്ണം സുഖചികിത്സയിൽ പങ്കെടുക്കുന്നുണ്ട്. 18 ആനകൾ മദപ്പാടിലാണ്.
നീരിൽനിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ഡോ. പി.ബി ഗിരിദാസ്, ഡോ, എം.എൻ ദേവൻ നമ്പൂതിരി, ഡോ, ടി.എസ്.രാജീവ്, ഡോ.കെ വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ, ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖ ചികിത്സ. ആന സുഖചികിത്സക്കായി 12.5 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3690 കിലോ അരി, 1230 കിലോ ചെറുപയർ / മുതിര, 1230 കിലോ റാഗി, 123 കിലോ അഷ്‌ട ചൂർണം, 307.5 കിലോ ച്യവനപ്രാശം,123 കിലോ മഞ്ഞൾപ്പൊടി, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.