Idukki Udumbanchola | മന്ത്രിയുടെ ഉറപ്പ് നടപ്പായില്ല; സർക്കാർ സ്‌കൂളിൽ ഫീസ് നൽകി പഠിക്കേണ്ട അവസ്ഥയിൽ കുട്ടികള്‍ - ഇടുക്കി ഉടുമ്പൻചോല
🎬 Watch Now: Feature Video
ഇടുക്കി: പൊതുവിദ്യാലയത്തില്‍ ഫീസ് നല്‍കി പഠിക്കേണ്ട അവസ്ഥയിലാണ് ഇടുക്കിയിലെ ഉടുമ്പന്‍ചോല ഗവണ്‍മെന്‍റ് തമിഴ് മീഡിയം സ്‌കൂളിലെ യുപി വിഭാഗം കുട്ടികള്‍. എല്‍പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് അംഗീകാരം ഉണ്ടെങ്കിലും യുപി വിഭാഗം അണ്‍ എയ്‌ഡഡ് ആയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തോട്ടം മേഖലയിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഉടുമ്പന്‍ചോല സ്‌കൂളിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും.
അണ്‍ എയ്‌ഡഡായ യുപി വിഭാഗം പിടിഎയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അംഗീകാരം ഇല്ലാത്തതുകൊണ്ട് കുട്ടികള്‍ക്ക് സൗജന്യ പാഠപുസ്‌തകവും ഉച്ചഭക്ഷണവും യൂണിഫോമും ലഭിക്കുന്നില്ല. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിനായി പിടിഎ നിയമിച്ച ഒരു അധ്യാപിക മാത്രമാണ് ഇവിടെ ഉള്ളത്.
1999ലാണ് ഉടുമ്പന്‍ചോലയില്‍ തമിഴ് മീഡിയം എല്‍പി സ്‌കൂള്‍ ആരംഭിച്ചത്. 2005ല്‍ പിടിഎയുടെ നേതൃത്വത്തില്‍ അണ്‍ എയ്‌ഡഡായി യുപി വിഭാഗം ആരംഭിച്ചു. 2009ല്‍ സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തി. യുപി വിഭാഗത്തിന്‍റെ അംഗീകാരം പിന്നീട് പരിഗണിക്കാം എന്നായിരുന്നു ഉറപ്പ്.
2015ല്‍ മനുഷ്യാവകാശ കമ്മിഷൻ വിഷയത്തില്‍ ഇടപെടുകയും നടപടികള്‍ വേഗത്തില്‍ ആക്കാന്‍ നിര്‍ദേശിക്കുകകയും ചെയ്‌തിരുന്നു. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പും ലഭിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. നിലവില്‍ യുപി വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങൾക്കായി കുട്ടികളില്‍ നിന്ന് 250 രൂപയാണ് ഫീസായി ഈടാക്കുന്നത്.
പുസ്‌തകങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായും പണം മുടക്കണം. തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് പഠന ചെലവ് താങ്ങാനാവുന്നതിലും അധികമാണ്. യുപി വിഭാഗത്തിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും സ്‌കൂളിലുണ്ട്. മികച്ച ആറ് ക്ലാസ് മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അംഗീകാരം ഇല്ലാത്തതിനാല്‍ ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണവും കുറയുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 75ലധികം വിദ്യാര്‍ഥികള്‍ എത്തേണ്ട സ്ഥാനത്ത് 44 കുട്ടികളാണ് എത്തിയത്. നിലവിലെ സാഹചര്യങ്ങള്‍ കുട്ടികളുടെ പഠന നിലവാരത്തെയും ബാധിക്കുന്നു. ഹൈസ്‌കൂള്‍ തലത്തിലേക്ക് എത്തുമ്പോള്‍ കുട്ടികള്‍ പഠനഭാരം മൂലം പഠനം ഉപേക്ഷിക്കുന്നതിനും ഇത് ഇടയാക്കുന്നു.