'അരിക്കൊമ്പൻ വിഷയം, ഇടതുമുന്നണി വാണിയനും വാണിയത്തിയും കളിക്കുന്നു, ഹൈക്കോടതിയിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചു': ഇബ്രാഹിംകുട്ടി കല്ലാർ - ഹൈക്കോടതിയിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചു

🎬 Watch Now: Feature Video

thumbnail

By

Published : Apr 17, 2023, 8:15 AM IST

ഇടുക്കി: അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുമ്പോൾ, ആർജ്ജവമുള്ള അഭിഭാഷകരെ നിയമിക്കാൻ തയ്യാറാകണമെന്ന് ഇടുക്കി മുൻ ഡിസിസി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ. അരിക്കൊമ്പൻ വിഷയം കഴിഞ്ഞ നാലുമാസമായി അനന്തമായി നീളാൻ കാരണം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വരുത്തിയ വീഴ്‌ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ ഗവൺമെന്‍റ് ജനങ്ങളുടെ താത്‌പര്യം കണക്കിലെടുത്ത് ഇടപെടാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സർക്കാർ കാണിച്ച അലംഭാവത്തിന്‍റെ വിലയാണ് ജനങ്ങൾ കൊടുക്കേണ്ടി വരുന്നത്. ഹൈക്കോടതിയിൽ സർക്കാർ സീരിയസായുള്ള നിലപാട് എടുത്തില്ല. കോടതികൾ ജനകീയ പ്രശ്‌നങ്ങളെ തള്ളിക്കളയുന്നവരല്ല. എ കെ ശശീന്ദ്രൻ സൂചിപ്പിച്ചപോലെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി സമർപ്പിക്കാൻ പോവുകയാണ്. എന്നാൽ ഹൈക്കോടതിയിൽ തുടർന്ന അതേ നിലപാടാണ് എടുക്കാൻ പോകുന്നതെങ്കിൽ പ്രയോജനം ഉണ്ടാകില്ല. വളരെ ശക്തരായ വക്കീലന്മാരെ വച്ച് കേസ് നടത്തിക്കാനും പുനഃപരിശോധന ഹർജി സമർപ്പിക്കാനുമുള്ള നടപടികൾ പൂർത്തീകരിക്കണം' -ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.

'എം എം മണി കർഷകർക്കൊപ്പം ആണെന്ന് പറയുന്നു. പ്രശ്‌നങ്ങൾ വനം മന്ത്രിയുടെ തലയിൽ കൊണ്ട് വയ്‌ക്കുന്നു. എന്നാൽ എ കെ ശശീന്ദ്രൻ മറ്റൊന്ന് പറയുന്നു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എൽഡിഎഫ്‌ മുന്നണിക്ക് കൃത്യമായ നിലപാട് വേണമെന്ന് പറഞ്ഞ ഇബ്രാഹിംകുട്ടി കല്ലാർ ഇത്തരത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ യഥാർഥത്തിൽ പ്രശ്‌നം ആകുന്നത് മലയോര നിവാസികൾക്കും ആദിവാസി സമൂഹത്തിനുമാണെന്ന് വ്യക്തമാക്കി. എ കെ ശശീന്ദ്രനും എം എം മണിയും വാണിയനും വാണിയത്തി കളിയുമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇനിയും നിയമപരമായി പോകുന്ന പക്ഷം നിയമ വിദഗ്‌ധരുമായി കൂടിയാലോചിക്കണമെന്നും തങ്ങളുടെ ആവശ്യം ധോണിയിലെ ആനയെ പിടിച്ചതു പോലെ ദ്രുതഗതിയിലുള്ള നടപടികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.