കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ഗോത്‌സവം; കലയുടെ മാമാങ്കം സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്തു - സർക്കാർ ജീവനക്കാരുടെ സംസ്ഥാന കലോത്സവം
🎬 Watch Now: Feature Video
Published : Nov 19, 2023, 9:32 PM IST
കൊല്ലം: സർക്കാർ ജീവനക്കാരുടെ സംസ്ഥാന കലോത്സവം കൊല്ലം ശ്രീനാരായണ സാംസ്‌ക്കാരിക സമുച്ചയത്തിന് നിറച്ചാർത്തായി. ഞായറാഴ്‌ച പത്ത് വേദികളിലായി മാറ്റുരച്ച പരിപാടിയിൽ 652 പേർ പങ്കെടുത്തു.352 വനിതകളും കാസർകോട് നിന്നുള്ള ഒരു ട്രാൻസ്‌ജെന്‍ററും മത്സരത്തില്‍ പങ്കെടുത്തു. എൻജിഒ യൂണിയൻ സംഘടിപ്പിച്ച സർഗോത്സവം ഉദ്‌ഘാടനത്തിന് ശേഷം ശ്രീനാരായണ സാംസ്‌ക്കാരിക സമുച്ചയത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ സാംസ്‌ക്കാരികോത്സവമായി മാറി. ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ കമൽ ദീപം തെളിച്ച് സർഗോത്സവ് ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് എംവി ശശിധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എംഎ അജിത്‌കുമാർ സ്വാഗതം പറഞ്ഞു. സംഘാടകസമിതി ജനറൽ കൺവീനർ ബി അനിൽകുമാർ, കലാസമിതി സംസ്ഥാന കൺവീനർ പിപി സന്തോഷ് കുമാർ, യൂണിയൻ സംസ്ഥാന ട്രഷറർ വികെ ഷീജ, കൊല്ലം ജില്ലാ പ്രസിഡന്‍റ് ബി പ്രശോഭദാസ്, സെക്രട്ടറി വിആർ അജു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻഎസ് ഷൈൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിഎസ് ശ്രീകുമാർ, സി ഗാഥ തുടങ്ങിയവർ പങ്കെടുത്തു. ലളിതഗാനം, ശാസ്‌ത്രീയ സംഗീതം, കവിതാ പാരായണം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, തിരുവാതിര, ഒപ്പന, നാടോടി നൃത്തം, മിമിക്രി, മോണോ ആക്‌ട്, മൂകാഭിനയം, തബല, ചെണ്ട, മൃദംഗം, വയലിൻ, ഓടക്കുഴൽ, കഥാരചന, കവിതാരചന, ചിത്ര രചന, കാർട്ടൂൺ എന്നിവയായിരുന്നു മത്സര ഇനങ്ങൾ. രാവിലെ ഒമ്പതരയ്‌ക്ക് തുടങ്ങിയ മത്സരം രാത്രിയിലാണ് സമാപിച്ചത്. എൻജിഒ യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്‍റ് കെ വരദരാജൻ ഉൾപ്പെടെ സർഗോൽസവത്തിന്‍റെ ഭാഗമായി. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പികെ ഗോപൻ വിശിഷ്‌ടാതിഥിയായി. സിനിമ സംവിധായക വിധു വിൻസെന്‍റ് സമ്മാനം വിതരണം ചെയ്‌തു.