Ganja Seized | പ്രോട്ടീൻ മാളിൽ കഞ്ചാവ് വിൽപന ; പിടികൂടിയത് 5 കിലോ, കടയുടമയും ജീവനക്കാരനും പിടിയിൽ - കഞ്ചാവ് വിൽപന
🎬 Watch Now: Feature Video
തൃശ്ശൂർ : പ്രോട്ടീൻ പൗഡറിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേരെ കസ്റ്റംസ് ആൻഡ് പ്രിവന്‍റീവ് ഉദ്യോഗസ്ഥർ പിടികൂടി. പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാളിൽ നിന്നാണ് അഞ്ച് കിലോഗ്രാം കഞ്ചാവ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. കേസിൽ കടയുടമ നെടുപുഴ സ്വദേശി വിഷ്‌ണു(33), ജീവനക്കാരൻ പാലക്കാട് സ്വദേശി ആഷിഖ്(27) എന്നിവരാണ് പിടിയിലായത്. തൃശൂർ കസ്റ്റംസിന്, മറ്റൊരു കേസിന്‍റെ അന്വേഷണത്തിനിടെ ഗുവാഹത്തിയിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്നുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തൃശ്ശൂരിലെ വ്യാജ വിലാസത്തിലേക്ക് ഗുവാഹത്തിയില്‍ നിന്ന് കഞ്ചാവ് സ്‌പീഡ് പോസ്റ്റിൽ വരുന്നുണ്ടെന്ന സൂചന കസ്‌റ്റംസിന് ലഭിച്ചിരുന്നു. രണ്ട് ഫിറ്റ്‌നസ് സെന്‍ററുകളുടെയും ഒരു പ്രോട്ടീൻ പൗഡർ വിൽപന കേന്ദ്രത്തിന്‍റെയും ഉടമയാണ് പ്രതിയെന്ന് മനസിലാക്കിയതോടെ കസ്റ്റംസ് ഇയാൾക്കായി വല വിരിച്ചു. തുടർന്ന് പൂത്തോൾ പോസ്റ്റ് ഓഫിസിൽ നിന്ന്, ബന്ധപ്പെട്ട വിലാസത്തിലെ ഫോൺ നമ്പർ കസ്റ്റംസ് ഉദ്യോഗസ്ഥർ മനസിലാക്കി. തുടര്‍ന്ന് സ്‌പീഡ് പോസ്റ്റിൽ വന്ന കടലാസുപെട്ടി കൈമാറുന്നത് തടഞ്ഞ് ഫോൺ നമ്പർ ഉടമയായ മാളിലെ ജീവനക്കാരനെ കടയിൽ നിന്ന് കൊണ്ടുപോയി പെട്ടി ഏറ്റെടുക്കുകയായിരുന്നു. ഗ്രീൻ എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവാണ് പെട്ടിയിലുണ്ടായിരുന്നത്. പ്രതി വിഷ്‌ണു വാട്‌സ്‌ആപ്പ് ചാറ്റിലൂടെ നടത്തുന്ന വിൽപനയ്‌ക്ക് തൃശ്ശൂരിലെ ഉന്നത ശ്രേണിയിലുള്ള ആളുകളാണ് ഇടപാടുകാരെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഈ വിലാസത്തിൽ നാല് തവണ ഗുവാഹത്തിയില്‍ നിന്ന് കഞ്ചാവ് എത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിൽ വിപുലമായ അന്വേഷണത്തിന് കസ്റ്റംസ് ഒരുങ്ങുകയാണ്. കസ്റ്റംസ് പ്രിവന്‍റീവ് ഡിവിഷൻ അസിസ്റ്റന്‍റ് കമ്മിഷണർ എം എസ് ദേശാനന്ദൻ ,കസ്റ്റംസ് ആൻഡ് പ്രിവന്‍റീവ് ഡിവിഷൻ സൂപ്രണ്ടുമാരായ പി ഗിരീഷ് ബാബു, രാധ വിജയരാഘവൻ, സി സി ഹാൻസൺ, കസ്റ്റംസ് ആൻഡ് പ്രിവന്‍റീവ് യൂണിറ്റ് സൂപ്രണ്ടുമാരായ കെ നന്ദകുമാർ, ടി വി മനോജ് കുമാർ, നാർക്കോട്ടിക് യൂണിറ്റ് സൂപ്രണ്ട് ടി എ ജോൺസൺ, കസ്റ്റംസ് ഇൻസ്‌പെക്‌ടർ ടി എസ് അഭിലാഷ്, ഹവീൽദാർമാരായ എ ആർ പ്രദീപ് , വി സരോജിനി എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ഈ മാസം തന്നെയാണ് തിരുവനന്തപുരം പള്ളിത്തുറയിൽ നിന്ന് 100 കിലോയിലധികം കഞ്ചാവുമായി നാല് പേർ എക്‌സൈസ് പിടിയിലായത്. തിരുവനന്തപുരം കഠിനംകുളം സ്വദേശി ജോഷ്വ, വലിയവേളി സ്വദേശികളായ കാര്‍ലോസ്, ഷിബു, അനു എന്നിവരെയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പിടിയികൂടിയത്. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്മെന്‍റ് സ്‌ക്വാഡാണ് കഞ്ചാവ് കണ്ടെത്തിയത്. നൂറുകിലോ കഞ്ചാവ് കാറില്‍, പള്ളിത്തുറയിലെ വീട്ടിലേക്ക് എത്തിച്ചപ്പോഴാണ് എക്‌സൈസ് സംഘം വളഞ്ഞത്. തുടർന്ന് കാറിൽ നിന്ന് രണ്ട് പേരെയും വീട്ടിൽ നിന്ന് രണ്ട് പേരെയും അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. വീട്ടിനുള്ളിൽ എംഡിഎംഎ ഉൾപ്പടെയുള്ള മാരക മയക്കുമരുന്നുകൾ ഉണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.