കാസർകോടിനെതിരായ എം രഞ്ജിത്തിന്‍റെ പ്രസ്‌താവന; നിയമ നടപടിക്ക് ഒരുങ്ങി സിനിമ പ്രവർത്തകർ - സുധീഷ് ഗോപിനാഥ്
🎬 Watch Now: Feature Video
കാസർകോട്: കാസർകോട് സിനിമ ചിത്രീകരണം വർധിക്കാൻ കാരണം അവിടെ ലഹരിമരുന്ന് സുലഭമായത് കൊണ്ടാണെന്ന നിർമാതാവ് എം.രഞ്ജിത്തിന്‍റെ പ്രസ്‌താവനക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി കാസർകോട്ടെ സിനിമ പ്രവർത്തകർ. ജില്ലയേയും അവിടത്തെ നിയമ വ്യവസ്ഥയേയും അവഹേളിക്കുന്ന പ്രസ്‌താവനയാണ് രഞ്ജിത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും, അദ്ദേഹം പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സിനിമ പ്രവർത്തകനും അഭിഭാഷകനുമായ എം ഷുക്കൂർ പറഞ്ഞു.
മാപ്പ് പറഞ്ഞില്ലെങ്കിൽ അടുത്ത ദിവസം കേസ് കൊടുക്കുമെന്നും പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കാസർകോട് കേന്ദ്രീകരിച്ച പല മലയാള സിനിമകളും ചിത്രീകരിക്കുന്നത് മംഗലാപുരത്ത് നിന്ന് മയക്കുമരുന്നിന്‍റെ ലഭ്യതയുള്ളതുകൊണ്ടാണെന്ന നിർമാതാവ് രഞ്ജിത്തിന്‍റെ പരാമർശം വിവാദമായിരുന്നു. പിന്നാലെയാണ് സിനിമ പ്രവർത്തകർ രംഗത്ത് എത്തിയത്.
'എന്നും പത്രങ്ങൾ വായിക്കുമ്പോൾ മയക്കുമരുന്ന് പിടിച്ച വാർത്തകളാണ്. കുറേ സിനിമകൾ ഇപ്പോൾ കാസർകോടാണ് ചിത്രീകരിക്കുന്നത്. മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് വരാൻ എളുപ്പമാണ്. ഇപ്പോൾ ഷൂട്ടിങ് ലൊക്കേഷൻ പോലും അങ്ങോട്ട് മാറ്റി തുടങ്ങി. ഇത് കാസർകോടിന്‍റെ കുഴപ്പമല്ല'- ഇങ്ങനെയായിരുന്നു രഞ്ജിത്തിന്‍റെ പരാമർശം.
പിന്നാലെ 'മദനോത്സവം' സിനിമയുടെ സംവിധായകൻ സുധീഷ് ഗോപിനാഥ് രഞ്ജിത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. കാസർകോട്ടേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടാണെന്നുമായിരുന്നു സുധീഷ് ഗോപിനാഥ് സമൂഹ മാധ്യമത്തിൽ കുറിച്ചത്.
കാസർകോട്ടേക്ക് സിനിമ വന്നത് മയക്ക് മരുന്ന് മോഹിച്ചല്ല... ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണ്. അധികം പകർത്തപ്പെടാത്ത കാസർകോടിന്‍റെ ഉൾനാടുകളുടെ ദൃശ്യ ഭംഗിയും സാംസ്‌കാരിക ശേഷിപ്പുകളുടെ കാഴ്‌ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവർത്തകരെ ഇവിടേക്ക് നോക്കാൻ പ്രേരിപ്പിച്ചത്.
നാടകങ്ങളിലൂടെ വൈഭവം തെളിയിച്ച കുറെ കലാകാരന്മാർ, തെയ്യം പോലുള്ള അനുഷ്‌ഠാന കലകൾ ഈ നാട്ടിലെ കലാകാരന്മാർക്ക് നൽകിയ ഊർജമുള്ള ശരീര ഭാഷ, ഉത്തര മലബാറിലെ സാഹിത്യ /കല /നാടക /സാംസ്‌കാരിക പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്‌മ, കാസർകോട് മണ്ണിൽ നിന്നും സിനിമ മോഹവുമായി വണ്ടി കയറി പോയ ചെറുപ്പക്കാർ, പ്രതിബന്ധങ്ങൾ താണ്ടി വളർന്ന് സ്വതന്ത്ര സംവിധായകരും, കാസ്റ്റിങ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേക്ക് വന്നതിന്‍റെ മറ്റു ചില അനുകൂല ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു.