'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാവണം' ; കാമ്പയിന് തുടക്കം കുറിച്ച് കട്ട ആരാധകന്‍ - സച്ചിന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാവണം
🎬 Watch Now: Feature Video
പൂനെ : ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയാക്കുന്നതിന് കാമ്പയിനുമായി കട്ട ആരാധകന്‍. പൂനെയിലെ യെര്‍വാഡ ഏരിയയിൽ മധുരപാനീയങ്ങളും കുല്‍ഫിയും ഐസ്‌ക്രീമും വില്‍ക്കുന്ന വിനോദ് മോർ എന്നയാളാണ് ഈ ആശയത്തിന് പിന്നില്‍. കഴിഞ്ഞ 30 വര്‍ഷമായി യെര്‍വാഡയിലും സമീപ പ്രദേശത്തും വിനോദ് മോറിന്‍റെ കുടുംബം കച്ചവടം നടത്തുന്നുണ്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യമാണ് വിനോദ് മോറിനെ ഇത്തരമൊരു കാമ്പയിന് പ്രേരിപ്പിച്ചത്.
2019-ലെ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച ശിവസേനയ്ക്കും ബിജെപിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദത്തിനായി തമ്മിലടിച്ചതോടെ സഖ്യം പൊളിഞ്ഞു. പിന്നീട് കോണ്‍ഗ്രസിനേയും എന്‍സിപിയേയും കൂട്ടുപിടിച്ച് ശിവസേന അധികാരത്തിലെത്തിയിരുന്നു. എന്നാല്‍ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത ബിജെപി ഭരണത്തില്‍ തിരികെ എത്തി.
സമീപകാലത്ത് സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെയാണ് വിനോദ് മോർ തന്‍റെ പ്രചാരണം ആരംഭിച്ചിക്കുന്നത്. 'സച്ചിന്‍സ്' എന്ന് പേരുള്ള വിനോദ് കുമാറിന്‍റെ കട ശരിക്കും താരത്തിന്‍റെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച ഒരു ആര്‍ട്ട് ഗാലറിയാണ്. ഇതിസാഹ താരത്തിന്‍റെ പഴയകാല ചിത്രങ്ങള്‍ ഉള്‍പ്പടെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിനെ പിന്തുണയ്‌ക്കുന്നുവെന്ന് എഴുതിയ തൊപ്പിയും ടീ ഷര്‍ട്ടുമാണ് വിനോദിന്‍റെ, കടയിലെ യൂണിഫോം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാവണമെന്ന ആശയത്തെ പിന്തുണയ്‌ക്കുന്ന താരത്തിന്‍റെ ആരാധകരായ നിരവധി ഉപഭോക്താക്കക്കളും വിനോദിനുണ്ട്.
കടയിലെത്തുന്നവര്‍ക്ക് തന്‍റെ ആശയത്തെക്കുറിച്ച് തോന്നുന്നതെന്തും കുറിക്കാന്‍ ഒരു ഡയറിയും വിനോദ് സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ തന്‍റെ കാമ്പയിനില്‍ പങ്കാളികളായ ഉപഭോക്താക്കളുടെ ഫോട്ടോകളും കടയില്‍ സ്ഥാപിച്ചിട്ടുണ്ട്.