DYFI March Kannur Against Police | കണ്ണൂരില്‍ ബാലസംഘം വില്ലേജ് സെക്രട്ടറിയെ അറസ്‌റ്റ് ചെയ്‌തു ; പൊലീസിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം
🎬 Watch Now: Feature Video
കണ്ണൂർ : പാനൂരിൽ വീണ്ടും പൊലീസിനെതിരെ ഡിവൈഎഫ്ഐയുടെ(DYFI) പ്രതിഷേധം. പാനൂർ മുത്താറിപ്പീടികയിലാണ് 30ഓളം വരുന്ന പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. ബാലസംഘം വില്ലേജ് സെക്രട്ടറി (Balasangam Village Secretary) വിധു കൃഷ്‌ണയ്‌ക്കെതിരെ ഐപിസി 107 പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ഞായറാഴ്‌ച(20.08.2023) രാത്രിയോടെയായിരുന്നു പ്രകടനം. കണ്ണൂർ ചമ്പാട് കെ സി കെ നഗർ ബ്രാഞ്ച് കമ്മിറ്റി അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ മീത്തലെ ചമ്പാട്ടെ കണിയാൻ ഹൗസിൽ രാകേഷിനെ പൊലീസ് കാപ്പ (Kaapa Act) ചുമത്തി നാടുകടത്തിയതിൽ പ്രതിഷേധിച്ച് ദിവസങ്ങൾക്ക് മുൻപ് പൊലീസിനെതിരെ ചമ്പാട് സിപിഎം പ്രകടനം നടത്തിയിരുന്നു. സ്ഫോടക വസ്‌തു കൈകാര്യം ചെയ്യൽ, ദേഹോപദ്രവം, വീടാക്രമിക്കൽ, അന്യായമായി ലഹള നടത്തല്‍ തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു രാകേഷ്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാര്‍ നല്‍കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്. ചമ്പാട്ട് പൊലീസിനെതിരെ സ്ത്രീകൾ അടക്കമുള്ള പാർട്ടി അണികളാണ് പ്രകടനം നടത്തിയത്. പാർട്ടി നിർദേശം ലംഘിച്ചാണ് സ്ത്രീകളും കുട്ടികളും ഉൾപ്പടെ എഴുപതോളം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിന് സമാനമായാണ് പാനൂരിലും പ്രകടനം നടത്തിയത്. കരി നിയമങ്ങൾ പൊലീസ് പ്രയോഗിക്കുന്നതിനോട് പാർട്ടിയിൽ തന്നെ എതിർപ്പുണ്ട് എന്ന സൂചനയാണ് ഇത്തരം പ്രകടനങ്ങൾക്ക് പിന്നിൽ. അനാവശ്യമായി ഇത്തരം കേസുകൾ എടുത്താൽ കേരളത്തിലെ സകല ഘടകങ്ങളിലെ പ്രവർത്തകരും നേതാക്കളും നാടുകടത്തപ്പെടുമെന്നും സിപിഎം പ്രാദേശിക നേതൃത്വം പറയുന്നു.