അവയവദാനത്തിന്‍റെ മറവിലെ 'കൊലപാതകങ്ങൾ' ; ഒറ്റയാൾ പോരാട്ടവുമായി ഡോ. ഗണപതി

By

Published : Jun 20, 2023, 4:33 PM IST

thumbnail

കൊല്ലം : അവയവദാന തട്ടിപ്പുകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുകയാണ് കൊല്ലം സ്വദേശി ഡോക്‌ടർ ഗണപതി. മസ്‌തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം നടത്തിയെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്‌ടര്‍മാര്‍ക്കുമെതിരെ കേസുണ്ടായത് ഡോ. ഗണപതിയുടെ പോരാട്ടത്തിന്‍റെ ഫലമാണ്.

50 വർഷത്തിലധികമായി കൊല്ലം ശക്‌തികുളങ്ങരയിൽ സ്വകാര്യ ക്ലിനിക്ക് നടത്തി വരികയാണ് ഡോ. ഗണപതി. 2015 ൽ ഹൃദയ ശസ്ത്രക്രിയയ്ക്കായി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് അവയവദാനവുമായി ബന്ധപ്പെട്ട് സമ്മതപത്രം നൽകിയ സമയത്ത് മകൾക്കുണ്ടായ ആശങ്കയിൽ നിന്നാണ് അവയവ ദാന തട്ടിപ്പുകൾക്കെതിരായ ഒറ്റയാൾ പോരാട്ടത്തിന് തുടക്കമാകുന്നത്.

തുടർന്ന് ഡോക്‌ടർ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും, രഹസ്യമായി വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. അന്വേഷണത്തിൽ കിട്ടിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാവുന്ന രോഗികളെ പോലും മസ്‌തിഷ്‌ക മരണത്തിലേക്ക് സ്വകാര്യ ആശുപത്രികൾ തള്ളി വിടുന്നു എന്നാണ് അദ്ദേഹം കണ്ടെത്തിയത്.

ഇപ്പോഴത്തെ രീതിയിൽ ഡോക്‌ടർമാർ മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന രീതി തെറ്റാണെന്നും പല ഡോക്‌ടർമാരും വിശദമായ പരിശോധനകൾ നടത്താതെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുകയാണെന്നും ഡോക്‌ടർ ഗണപതി പറയുന്നു. രാജ്യത്ത് മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന രീതി പരിഷ്‌കരിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ പ്രധാന ആവശ്യം.

2009ൽ അപകടത്തിൽ പരിക്കേറ്റ് ലേക്ഷോര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ച എബിന് ശരിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ഡോ. ഗണപതിയുടെ പരാതി. എബിന്‍റെ രക്ഷിതാക്കൾ ആവശ്യപ്പെട്ടാൽ സഹായം നൽകുമെന്നും അദ്ദേഹം പറയുന്നു. അവയവദാനവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഡോക്‌ടർ ഫയൽ ചെയ്‌തിരിക്കുന്നത്. ഇവയെല്ലാം ഡോക്‌ടർ ഗണപതി ഒറ്റയ്‌ക്ക് തന്നെയാണ് വാദിക്കുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.