പ്ലസ്‌ വണ്‍ സീറ്റ് പ്രതിസന്ധി: ആര്‍ഡിഡി ഓഫിസിലേക്ക് എംഎസ്‌എഫ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം - MSF PROTEST ON PLUS ONE SEAT ISSUE

By ETV Bharat Kerala Team

Published : Jun 21, 2024, 3:44 PM IST

thumbnail
എംഎസ്‌എഫ് പ്രതിഷേധത്തില്‍ സംഘര്‍ഷം (ETV Bharat)

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എംഎസ്‌എഫ് ആര്‍ഡിഡി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ സംഘർഷം. ഓഫിസിന്‍റെ മതിൽ ചാടിയെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. റീജണൽ ഡെപ്യൂട്ടി ഡയറക്‌ടറെ കാണാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുമാറ്റി. തുടർന്ന് ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. പ്രതിഷേധ സമയത്ത് റീജണൽ ഡെപ്യൂട്ടി ഡയറക്റുടെ ഓഫിസ് അടച്ചിട്ട നിലയിലായിരുന്നു. സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻ വിദ്യാർഥികൾക്ക് പ്രശ്‌നം ഉണ്ടാകുമ്പോൾ വിദ്യാർഥി പ്രതിനിധികളുമായി സംസാരിക്കാൻ തയ്യാറാകുന്നില്ലെന്ന് എംഎസ്എഫ് പ്രവർത്തകർ ആരോപിച്ചു. ഇത് സർക്കാർ ഓഫിസാണെന്നും സംസാരിക്കാൻ കഴിയില്ലെങ്കിൽ ജോലിക്ക് വരണോയെന്നും ചോദിച്ച പ്രവർത്തകർ അടച്ചു കിടന്ന ആര്‍ഡിഡി ഓഫിസിന് മുന്നിൽ നിന്ന് പ്രതിഷേധിച്ചു. ആർഡിഡി സമരമുണ്ടാകുമ്പോൾ മുങ്ങി വീട്ടിലിരിക്കുകയാണെന്നും എംഎസ്‌എഫ് ആരോപിച്ചു. പ്രശ്‌നത്തിൽ സർക്കാർ എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ വലിയ സമരത്തിലേക്ക് കടക്കുമെന്ന് എംഎസ്എഫ് അറിയിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെ പ്രതിഷേധവുമായി കെഎസ്‌യുവും രംഗത്ത് വന്നിരുന്നു. പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ 75,000 വിദ്യാർഥികൾക്ക് അഡ്‌മിഷൻ ലഭിക്കാത്ത അവസ്ഥയാണെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നുമാണ് വിദ്യാർഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.