'ശബരിമല തീര്‍ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി' ; 13,000 പൊലീസുകാര്‍ ഡ്യൂട്ടിക്കെത്തുമെന്ന് ഡിജിപി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 15, 2023, 7:56 PM IST

പത്തനംതിട്ട: സുരക്ഷിത തീര്‍ഥാടനത്തിനായി ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് (Shaik Darvesh Saheb). തീര്‍ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പമ്പയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (DGP States Preparations Completed For Sabarimala Pilgrimage). ആറ് ഘട്ടങ്ങളിലായി 13,000 പൊലീസുകാര്‍ തീര്‍ഥാടനകാലയളവില്‍ ഡ്യൂട്ടിയിലുണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ ഉപയോഗിക്കരുത്. സന്നിധാനം (Sannidhanam), നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ മൂന്ന് താത്കാലിക പൊലീസ് സ്റ്റേഷനുകള്‍ നിര്‍മിക്കും. നിരീക്ഷണത്തിന് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കുമെന്നും ഡിജിപി പറഞ്ഞു. 15 കൗണ്ടറുകളിലായാണ് വെര്‍ച്വല്‍ ക്യു സംവിധാനം ഏര്‍പ്പെടുത്തുന്നത്. എല്ലാ ഇടത്താവളങ്ങളിലും തീര്‍ഥാടകരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തി. പമ്പയിലെത്തുന്ന തീര്‍ഥാടകരുടെ വാഹനം നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. അവിടെ 17 ഗ്രൗണ്ടുകളില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തി. ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് പാര്‍ക്കിങ് അനുവദിക്കുന്നത്. വരുന്ന എല്ലാ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് സംവിധാനമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന വിഭാഗം എഡിജിപി എംആര്‍ അജിത് കുമാര്‍, ദക്ഷിണമേഖലാ ഐജി ജി സ്‌പര്‍ജന്‍ കുമാര്‍, പൊലീസ് ആസ്ഥാനത്തെ ഐജി നീരജ് കുമാര്‍ ഗുപ്‌ത, തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്, കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ്, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയമിതരായ സ്പെഷ്യല്‍ ഓഫിസര്‍മാര്‍, അസിസ്റ്റന്‍റ് സ്പെഷ്യല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.