'ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കുക സര്‍ക്കാര്‍ ലക്ഷ്യം, മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ വിട്ടുനില്‍ക്കണം': മന്ത്രി കെ രാധാകൃഷണന്‍ - ശബരിമലയിലെ യാത്രാസൗകര്യങ്ങള്‍
🎬 Watch Now: Feature Video
Published : Nov 18, 2023, 10:39 AM IST
പത്തനംതിട്ട : തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ പറഞ്ഞു (Minister K Radhakrishnan about Sabarimala arrangements). മണ്ഡലകാല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഭക്തര്‍ തീര്‍ഥാടനത്തിനെത്തുന്ന സന്നിധിയാണ് ശബരിമല (Sabarimala pilgrimage). വകുപ്പുകളുടെ ഏകോപനം തീര്‍ഥാടകര്‍ക്ക് മികച്ച ദര്‍ശനാനുഭവം നല്‍കാന്‍ സഹായകരമാവുന്നുണ്ട്. ചെറിയ ന്യൂനതകള്‍ പോലും പരിഹരിച്ച് പരമാവധി കുറ്റമറ്റ സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥരും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തീര്‍ഥാടകര്‍ക്ക് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും മികവുറ്റ രീതിയില്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂ, സ്പോട്ട് രജിസ്ട്രേഷന്‍ സേവനങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഇതരരാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം തീര്‍ഥാടകരെത്തുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ പരിശോധിച്ച ശേഷം മാത്രം കടത്തിവിടാനും തീരുമാനമായിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍, പത്തനംതിട്ട, ചെങ്ങന്നൂര്‍ തുടങ്ങിയ ബസ് സ്‌റ്റാന്‍ഡുകളില്‍ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കൊച്ചി എയര്‍പോര്‍ട്ടിലും തീര്‍ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാനാജാതി മതസ്ഥരായ നിരവധി അയ്യപ്പ ഭക്തരെത്തുന്ന പുണ്യസ്ഥാനമാണ് ശബരിമല. ജാതി, മത, രാഷ്ട്രീയത്തിന് അതീതമായി എല്ലാ മനുഷ്യരുടെയും കൂട്ടായ്‌മ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മണ്ഡലകാലത്ത് നടക്കുന്നത്. ചെറിയ കാര്യങ്ങള്‍ ഉപയോഗിച്ച് എന്തെങ്കിലും തരത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ അത് ഒഴിവാക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.