എന്താണ് പ്രതിപക്ഷത്തിന് സംഭവിക്കുന്നത് എന്നറിയില്ല, യുഡിഎഫ് കാട്ടുന്നത് സഭ്യേതര രീതി : മുഖ്യമന്ത്രി പിണറായി വിജയന്‍
🎬 Watch Now: Feature Video
കണ്ണൂർ : നിയമസഭ സമ്മേളന വേളയിൽ മൗനം പാലിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷേ കണ്ണൂരിലെ പാർട്ടി പരിപാടിയിൽ മൗനം വെടിഞ്ഞു. നിയമസഭ സമ്മേളന കാലത്തെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് അതിരൂക്ഷമായ രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്. എന്താണ് പ്രതിപക്ഷത്തിന് സംഭവിക്കുന്നത് എന്നറിയില്ലെന്നും നിയമസഭയിൽ അതിന്‍റേതായ നടപടിക്രമങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
'എന്നാൽ, പ്രതിപക്ഷം എല്ലാ സീമകളും ലംഘിച്ചു. സ്‌പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറുന്നതിന്‍റെ അർഥം എന്താണ്. നാട്ടിലെ നല്ല കാര്യങ്ങൾ ഒന്നും നിയമസഭയിൽ ചർച്ച ചെയ്യരുത് എന്നാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം.
'അടിയന്തരപ്രമേയത്തിന് അനുമതി നൽകുന്നില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്‌നം. എന്നാൽ, അതിന്‍റെ തുടക്കം എങ്ങനെയാണ്. അനുമതി നൽകണമെന്ന് പറയാൻ സ്‌പീക്കറെ അനുവദിക്കാത്ത സാഹചര്യമാണ്' - അദ്ദേഹം പറഞ്ഞു.
'ചോദ്യോത്തര വേളയിൽ തന്നെ പ്രതിഷേധം തുടങ്ങുകയാണ്. പല പ്രതിഷേധങ്ങളും സഭ കണ്ടിട്ടുണ്ട്. എന്നാൽ, യുഡിഎഫ് കാട്ടുന്നത് സഭ്യേതര രീതിയാണ്'.
'സ്‌പീക്കറുടെ മുഖം മറയ്ക്കുന്നു, കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കുന്നു, ചോദ്യോത്തര വേളയിൽ തന്നെ സത്യാഗ്രഹം ഇരിക്കുന്നു, പൂർണമായും സഭ സ്‌തംഭിപ്പിക്കുന്നു. ഇതിനുനമ്മൾ എന്ത് ചെയ്യും. അതാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നമ്മുടെ നാട്ടിലെ പ്രബുദ്ധരായ ജനം ചിന്തിക്കണം. പ്രശ്‌ന പരിഹാരത്തിനായി രണ്ടുവഴിയാണ് മുന്നിലുണ്ടായത്. ഒന്നുകിൽ നിയമസഭ ചട്ടങ്ങൾ അനുശാസിക്കുന്ന വിധം നടപടിയെടുക്കുക അല്ലെങ്കിൽ സഭ അവസാനിപ്പിക്കുക. ആദ്യത്തേതിലേക്ക് നമ്മൾ പോയില്ല. അത് നമ്മുടെ ദൗർബല്യമായി കണ്ടു.
സമവായമായിക്കോട്ടെ എന്ന് ഞങ്ങൾ കരുതി.അതിനുവേണ്ടി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. അതിനും പ്രതിപക്ഷം നിന്നില്ല. പക്ഷേ തൂവെള്ള വസ്‌ത്രധാരികളായ വാച്ഛൻ വാർഡുകളെ അതിക്രൂരമായാണ് ഇവർ ആക്രമിച്ചതെന്ന പരാതിയാണ് ഉയർന്നത് - അദ്ദേഹം വ്യക്തമാക്കി.
സാധാരണ അല്ലാത്ത പെരുമാറ്റം നേരിടേണ്ടിവന്ന വനിതകളായ വാച്ച് ആന്‍ഡ് വാർഡുമാരുമുണ്ട്. നമുക്കൊരു സംസ്‌കാരമുണ്ട്. ആ സംസ്‌കാരത്തിൽ നിന്ന് നാം മാറാൻ പാടുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
നിങ്ങൾ ആലോചിക്കണം ഇതാണോ സഭാരീതി. സഭയ്ക്ക് സഭയുടെ രീതിയുണ്ട്. നിർഭാഗ്യമാരമായി പറയട്ടെ സഭ്യേതരമായ രീതിയിലാണ് പ്രതിപക്ഷം സഭയിൽ പെരുമാറിയത്.
പക്ഷേ ഞങ്ങൾ വളരെ കലുഷിതമായ അന്തരീക്ഷത്തെ വളരെ നല്ല രീതിയിൽ നേരിട്ടു. റബ്ബർ വില 300 ആക്കിയാൽ ബിജെപിയെ സഹായിക്കാം എന്നു പറഞ്ഞ തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിക്കും മുഖ്യമന്ത്രി പരോക്ഷ മറുപടി നൽകി. അവസരവാദികൾ സുഖിപ്പിക്കുന്ന വർത്തമാനം പറയും. അത് പൊതുവികാരം ആണെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു .
ബിജെപിയുടെ അജണ്ട നടപ്പാക്കുന്ന നാടല്ല കേരളം. മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്രധാനികളെ സുഖിപ്പിക്കാൻ സംഘപരിവാർ നല്ലപോലെ ശ്രമിക്കുന്നുണ്ട്. നല്ലതുപോലെ പ്രേരിപ്പിക്കാനാണ് സംഘപരിവാറിന്‍റെ ശ്രമം അതിന് പലരീതിയിലും അവർ നോക്കുന്നുണ്ട്.
എങ്ങനെയും വോട്ട് നേടുക എന്ന ചിന്ത മാത്രമാണ് അതിന് പിന്നിൽ. ചില പ്രധാനികൾക്ക് മുന്നിലേക്ക് വലിയ പ്രലോഭനങ്ങൾ ആണ് അവര്‍ മുന്നോട്ടുവയ്‌ക്കുന്നത്. പക്ഷേ പൊതുവേ അത് അങ്ങോട്ട് സ്വീകരിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ക്രൈസ്‌തവ പ്രതിഷേധങ്ങൾ നമ്മൾ കണ്ടതാണ്. കേന്ദ്രസർക്കാർ വർഗീയതയെ താലോലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ വലിയ കൂട്ടായ്‌മകൾ ഉണ്ടാകും.
അത്തരത്തിൽ പ്രതിഷേധിക്കുന്ന ആളുകൾക്ക് ഇടയിലേക്ക് വെളുക്കെ ചിരിച്ച് നമുക്ക് ബന്ധമാവാം എന്ന് പറഞ്ഞാൽ പെട്ടെന്ന് സമ്മതിക്കാൻ പറ്റുമോ? - മുഖ്യമന്ത്രി ചോദിച്ചു. ചിലരെ വീഴ്ത്താൻ പറ്റും. എന്നാൽ അതൊരു പൊതുവികാരം അല്ല. പൊതുവേ ഉള്ളതും അല്ല. കേരളത്തിന്‍റെ പൊതു വികാരം മതനിരപേക്ഷതയെ സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.