Video| എംപി എത്തിയപ്പോഴേക്ക് പരിപാടി തുടങ്ങി, വേദിയില്‍ കൊമ്പുകോര്‍ത്ത് എംപിയും മന്ത്രിയും: സംഭവം തമിഴ്‌നാട്ടില്‍ - നവാസ് കാനി
🎬 Watch Now: Feature Video
രാമനാഥപുരം: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് കായിക മത്സരങ്ങളുടെ സമ്മാനദാന ചടങ്ങിനിടെ കൊമ്പ് കോര്‍ത്ത് മന്ത്രിയും എംപിയും. അറിയിച്ച സമയത്തിന് മുന്നേ പരിപാടി തുടങ്ങിയതാണ് രാമനാഥപുരം എംപിയായ നവാസ് കാനിയെ ചൊടിപ്പിച്ചത്. പിന്നാലെ എംപി, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രിയായ രാജകണ്ണപ്പനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. എംപിയും മന്ത്രിയും തമ്മില്‍ കയര്‍ക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും തരംഗമാണ്.
കായിക ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി തമിഴ്‌നാട്ടില്‍ ചീഫ് മിനിസ്റ്റേഴ്‌സ് കപ്പ് എന്ന പേരില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇത്. ഇന്നലെ (ജൂണ്‍ 17) ആണ് രാമനാഥപുരത്ത്, ചീഫ് മിനിസ്റ്റേഴ്‌സ് കപ്പിന്‍റെ ജില്ല തല മത്സരങ്ങള്‍ നടന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അത്‌ലറ്റിക്‌സിലും കബഡി, ബാഡ്‌മിന്‍റണ്‍, വോളിബോള്‍, സിലമ്പം, ചെസ്, ക്രിക്കറ്റ്, ബാസ്‌കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ്, ഹാന്‍ഡ് ബോള്‍ തുടങ്ങി നിരവധി ഗെയിമുകളിലും പങ്കെടുക്കാന്‍ രാമനാഥപുരത്ത് എത്തിയിരുന്നു.
പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി രാജകണ്ണപ്പന്‍റെ അധ്യക്ഷതയിലായിരുന്നു വിജയികള്‍ക്കുള്ള സമ്മാനദാനം. നവാസ് കാനി എംപിയ്‌ക്കും യോഗത്തില്‍ ക്ഷണമുണ്ടായിരുന്നു. വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങ് എന്നാണ് ക്ഷണിക്കപ്പെട്ടവരെ അറിയിച്ചിരുന്നത്. ഇതു പ്രകാരം എംപി 2.55ന് ചടങ്ങിനെത്തി. എന്നാല്‍ അപ്പോഴേക്ക് പരിപാടി തുടങ്ങിയിരുന്നു.
പ്രകോപിതനായ എംപി ആദ്യം കലക്‌ടറോടും പിന്നാലെ മന്ത്രിയോടും ദേഷ്യപ്പെട്ടു. അതേസമയം മന്ത്രിക്ക് പുറമെ ഡിഎംകെ ജില്ല സെക്രട്ടറി കൂടിയായ രാജകണ്ണപ്പനു നേരെ എംപി രോഷം പ്രകടിപ്പിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിദ്വേഷം ഉണ്ടാക്കിയിട്ടുണ്ട്.