ആയിരത്തില്‍ നിന്ന് കുത്തനെ താഴേക്ക്; ഏലം വിലയിടിവില്‍ ആശങ്കയില്‍ കര്‍ഷകര്‍
🎬 Watch Now: Feature Video
ഇടുക്കി : സംസ്ഥാനത്ത് ഏലത്തിന്‍റെ വില കുത്തനെ ഇടിയുന്നു. കര്‍ഷകര്‍ക്ക് ഉത്‌പാദന ചെലവ് പോലും ലഭിക്കാത്ത രീതിയിലാണ് ഏലം വില കൂപ്പുകുത്തി കൊണ്ടിരിക്കുന്നത്. അഞ്ച് മാസം മുമ്പ് 1000 രൂപയ്‌ക്ക് മുകളിലുണ്ടായിരുന്ന ഏലക്ക വിലയാണ് ഇപ്പോള്‍ കുത്തനെ ഇടിയുന്നത്.
ഇക്കഴിഞ്ഞ ജനുവരിയില്‍ കിലോയ്‌ക്ക് 2000 രൂപയ്‌ക്കടുത്ത് വരെ വിലയുണ്ടായിരുന്നു ഏലത്തിന്. എന്നാല്‍ വിളവെടുപ്പിന് ആഴ്‌ചകള്‍ മാത്രം ശേഷിക്കെയുള്ള വിലയിടിവ് കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്നു. നിലവില്‍ ഒരു കിലോ ഏലത്തിന് 900 രൂപയാണ് വില.
കഴിഞ്ഞ മാസങ്ങളില്‍ വില വര്‍ധനയുണ്ടായെങ്കില്‍ വിളവെടുപ്പിന്‍റെ സമയമല്ലാത്തത് കൊണ്ട് കര്‍ഷകര്‍ക്ക് കാര്യമായ ലാഭമൊന്നും ഉണ്ടായില്ല. വന്‍കിട കച്ചവട ലോബിയാണ് ഏലം വിപണി നിയന്ത്രിക്കുന്നത്. ഇതു തന്നെയാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നതും.
ഒരു കിലോ ഏലത്തിന് ശരാശരി 1500 രൂപയെങ്കിലും കിട്ടിയെങ്കിൽ മാത്രമെ കർഷകർക്ക് ഈ മേഖലയില്‍ പിടിച്ചു നിൽക്കാനാകൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്. വളത്തിന്‍റെയും കീടനാശിനിയുടെയും തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചതോടെ ഏലം കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തവണത്തെ വിളവെടുപ്പ് സീസണിലും വിലയിടിവ് തുടര്‍ന്നാല്‍ കര്‍ഷകര്‍ വന്‍ കടക്കെണിയിലാകും.
ഓഫ് സീസണ്‍ സമയത്ത് ഇത്രയും വിലയിടിവുണ്ടായാല്‍ ഓഗസ്റ്റ് സെപ്‌റ്റംബര്‍ മാസങ്ങളില്‍ ഇവയുടെ വില ഗണ്യമായി കുറയും. പാട്ടത്തിന് കൃഷിയിറക്കിയ കര്‍ഷകരും ബാങ്കില്‍ നിന്ന് വായ്‌പ എടുത്തവരുമെല്ലാം പ്രതിസന്ധിയിലാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.