'രാഷ്ട്രീയ രക്തസാക്ഷികൾ കലഹിച്ചും പാലത്തിൽ നിന്ന് തെന്നിവീണും മരിച്ചവർ' ; വിവാദ പരാമർശവുമായി ബിഷപ്പ് പാംപ്ലാനി - Bishop Pamplany about political martyrs
🎬 Watch Now: Feature Video
കണ്ണൂർ : രക്തസാക്ഷികൾക്കെതിരെ വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നും ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണ് മരിച്ചവരാണെന്നുമായിരുന്നു ബിഷപ്പിന്‍റെ പരാമർശം.
കണ്ണൂർ ചെറുപുഴയിൽ കെ.സി.വൈ.എം യുവജന ദിനാഘോഷ വേദിയിലായിരുന്നു പാംപ്ലാനി വിവാദ പരാമർശം നടത്തിയത്. യേശുവിന്‍റെ 12 ശിഷ്യൻമാർ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പ് പ്രസംഗം തുടങ്ങിയത്. എന്നാൽ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷികൾ നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളാവുന്നതെന്നും കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയിട്ട് സംഭവിക്കുന്നതാണെന്നുമായിരുന്നു പാംപ്ലാനിയുടെ പരാമർശം.
സംസ്ഥാനത്ത് യുവജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണെന്നും സംസ്ഥാനം ഭരിക്കുന്നവരുടെ നടപടികൾ മൂലമാണ് യുവാക്കൾ കൂട്ടത്തോടെ സംസ്ഥാനം വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാംപ്ലാനിയുടെ പ്രസ്‌താവന തള്ളി രാഷ്ട്രീയ നേതാക്കള്‍ ഇതിനകം രംഗത്തെത്തി കഴിഞ്ഞു.
നേരത്തെ കേന്ദ്ര സർക്കാർ റബര്‍ വില 300 രൂപയായി ഉയർത്തിയാൽ ബിജെപിയെ സഹായിക്കാമെന്ന മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന വിവാദമായിരുന്നു. കേരളത്തിൽ ഒരു എംപി പോലും ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുകൊടുക്കുമെന്നും കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി ഇനി പ്രതികരിക്കണമെന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.