കോട്ടയത്ത് ബൈക്കും ബസും കൂട്ടിയിടിച്ചു ; അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം - bike accident
🎬 Watch Now: Feature Video
കോട്ടയം : വടവാതൂരിലെ കെ കെ റോഡിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പിൽ ഷിന്‍റോ ചെറിയാനാണ് (26) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ഷാജീസ് ബസ് എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷിന്‍റോ സഞ്ചരിച്ച ബൈക്ക് ബസിന്‍റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഷിന്‍റോയെ കോട്ടയം വടവാതൂരിൽ തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് കെ കെ റോഡിൽ വൻ ഗതാഗത തടസവും ഉണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടയം ഈസ്റ്റ് പൊലീസും മണർകാട് പൊലീസും ആവശ്യമായ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ജൂലൈ 27ന് കോട്ടയം പുതുപ്പള്ളിക്ക് സമീപം തോട്ടയ്ക്കാട് ഓട്ടോറിക്ഷ പാറക്കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. തോട്ടയ്ക്കാട് സ്വദേശി അജേഷിനാണ് (34) ജീവൻ നഷ്‌ടമായത്. രാത്രി 8 മണിയോടെ യാത്രക്കാരെ ഇറക്കിയ ശേഷം മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.