ഇടുക്കിയിൽ വെസ്റ്റ് ഇന്ത്യൻ ചെറിയുടെ വിളവെടുപ്പ് കാലം; ആഘോഷമാക്കി കർഷകർ - വെസ്റ്റ് ഇന്ത്യൻ ചെറിയുടെ വിളവെടുപ്പ് കാലം
🎬 Watch Now: Feature Video
ഇടുക്കി: നാട്ടുവക്കിലെല്ലാം സുലഭമായി കാണപ്പെടുന്ന ഒരു മരമായിരുന്നു വെസ്റ്റ് ഇന്ത്യൻ ചെറി. എന്നാൽ വിദേശ ഇനം ഫലവർഗങ്ങളുടെ വരവോടുകൂടി തനത് പഴചെടികൾ എല്ലാം അന്യം നിന്ന് പോകുന്ന സാഹചര്യമുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് ആപ്പിൾ ചെറി എന്നറിയപ്പെടുന്ന വെസ്റ്റ് ഇന്ത്യൻ ചെറി.
വൈറ്റമിൻ സിയുടെ കലവറയാണ് വെസ്റ്റ് ഇന്ത്യൻ ചെറി. ബാർബഡോസ് ചെറി എന്നും ഇതിനെ വിളിക്കാറുണ്ട്. ഉഷ്‌ണമേഖല പ്രദേശങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. വീടുകൾക്ക് മുന്നിൽ വെസ്റ്റ് ഇന്ത്യൻ ചെറി നട്ടുപിടിപ്പിച്ചാൽ രണ്ടുണ്ട് കാര്യം. തണൽ നൽകുന്ന ഒരു അലങ്കാരച്ചെടിയുമാവും പോഷക സമൃദ്ധമായ ഫലവും ലഭിക്കും.
കുട്ടികൾക്ക് ഏറെ ഇഷ്‌ടം തോന്നുന്ന നേരിയ പുളിയും മധുരവുമുള്ള രുചിയാണ് വെസ്റ്റ് ഇന്ത്യൻ ചെറിക്കുള്ളത്. ഇപ്പോൾ വെസ്റ്റ് ഇന്ത്യൻ ചെറിയുടെ വിളവെടുപ്പ് കാലമാണ്. അച്ചാറിടാനും വൈനുണ്ടാക്കാനുമാണ് കൂടുതലായും വെസ്റ്റ് ഇന്ത്യൻ ചെറി ഉപയോഗിക്കുന്നത്. രണ്ടുതരം ഇനങ്ങൾ ഉണ്ട് വെസ്റ്റ് ഇന്ത്യൻ ചെറിക്ക്.
പിങ്ക് പൂക്കളുള്ളതും വെളുത്ത പൂക്കളുള്ളതും: വലിയ ഫലങ്ങൾ ലഭിക്കുന്നത് പിങ്ക് പൂക്കളുള്ള ഇനങ്ങളിൽ നിന്നാണ്. ഏകദേശം ആറ് ഗ്രാം വരെ ഭാരം വരും. പഴുക്കുമ്പോൾ കടും ചുവപ്പു നിറമായിരിക്കും. വെളുത്ത പൂക്കൾ ഉള്ള ഇനങ്ങളിൽ ചെറിയ കായ്‌കൾ ആണ് ഉണ്ടാവുക. ഒരു ഗ്രാം ഭാരവുമുണ്ടാകും. പഴുക്കുമ്പോൾ ഓറഞ്ച് നിറമായിരിക്കും.