'പ്രതിപക്ഷത്തെ ജനം കൈകാര്യം ചെയ്യും' ; എഐ ക്യാമറ വിവാദത്തിൽ ഗതാഗത മന്ത്രി ആന്‍റണി രാജു

🎬 Watch Now: Feature Video

thumbnail

തിരുവനന്തപുരം : എഐ ക്യാമറ വിവാദത്തിന് പിന്നിൽ, മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും താറടിക്കാനുള്ള ശ്രമമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വ്യക്തിഹത്യയാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസ് ഫാക്‌ടറിയിലെ നുണക്കഥ പൊളിയുമെന്നും ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. 

ടെണ്ടർ നഷ്‌ടപ്പെട്ട വ്യവസായികളുടെ കുടിപ്പകയാണ് ഇപ്പോൾ നടക്കുന്നത്. അതിന് പ്രതിപക്ഷം കുട പിടിക്കുകയാണ്. പ്രതിപക്ഷം പ്രതിക്കൂട്ടിലാകും. പ്രതിപക്ഷത്തെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപം ഉന്നയിക്കുന്ന കമ്പനികൾ എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാത്തതെന്നും ഗതാഗത മന്ത്രി ചോദിച്ചു. 

ഉപകരാർ എടുത്ത കമ്പനിയും സർക്കാരും തമ്മിൽ ബന്ധമില്ല. കമ്പനികൾ തമ്മിലുള്ള തർക്കം വ്യവസായ വകുപ്പ് അല്ല പരിഹരിക്കേണ്ടത്. പേപ്പർ കമ്പനികളാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. പദ്ധതി തകർക്കാനുള്ള പാഴ്ശ്രമമാണിത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നവർ എന്തുകൊണ്ടാണ് ജുഡീഷ്യറിയെ സമീപിക്കാത്തത് ?, സമീപിച്ചാൽ പ്രതിപക്ഷം തന്നെ കുടുങ്ങുമെന്ന് അവർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോൺഗ്രസിനകത്തുള്ള തമ്മിൽ തല്ലാണ് പ്രശ്‌നങ്ങൾക്ക് കാരണം. കോൺഗ്രസിനുള്ളിലെ ആരെയോ ലക്ഷ്യം വയ്ക്കുകയാണ്. വിഷയത്തിൽ എന്തുകൊണ്ടാണ് മുൻ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഒന്നും മിണ്ടാത്തതെന്നും മന്ത്രി വിമർശിച്ചു. 

കെൽട്രോൺ കരാർ കൊടുത്തതിൽ വീഴ്‌ചയുണ്ടോ എന്ന് പരിശോധിക്കും. തിരുത്തേണ്ടവ ഉണ്ടെങ്കിൽ തിരുത്തും. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവിൻ്റെ അതേ അവസ്ഥ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനും ഉണ്ടാകുമെന്നും ഗതാഗത മന്ത്രി പരിഹസിച്ചു. ക്യാമറയുടെ വിലയിൽ ഒരു കുഴപ്പവുമില്ല. 2012ൽ യുഡിഎഫ് 100 ക്യാമറകൾ സ്ഥാപിച്ചത് 40 കോടി രൂപയ്ക്ക് മുകളിലാണ്. അന്ന് കെൽട്രോൺ നടത്തിയ അതേ മാതൃകയിലാണ് ഇപ്പോഴും ടെണ്ടർ വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

നിലവിൽ എ ഐ ക്യാമറയിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പുതിയ ധാരണാപത്രം തടസമല്ല. കെൽട്രോണിന് പണം കൊടുക്കാൻ ഇനിയും സമയമുണ്ട്. അപ്പോഴേക്കും ധാരണാപത്രം ഒപ്പുവയ്ക്കുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. അതേസമയം, കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി സംഘടനയായ ബിഎംഎസിനെതിരെ രൂക്ഷവിമർശനവും മന്ത്രി ഉന്നയിച്ചു.

കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ശരിയാണോയെന്ന് ബിഎംഎസ് ചിന്തിക്കണം. ജീവനക്കാർക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ശമ്പളം ഗഡുക്കളായി കൃത്യമായി നൽകുന്നുണ്ട്. ഈ സമരമൊന്നും വച്ചുപൊറുപ്പിക്കുന്ന പ്രശ്‌നമില്ല. മൂന്ന് ദിവസത്തെ സർവീസുകളെ ഈ പണിമുടക്ക് ബാധിക്കും. ഈ സ്ഥാപനത്തെ നശിപ്പിക്കാൻ ആരെങ്കിലും ബോധപൂർവം ശ്രമിച്ചാൽ അതിനൊന്നും വഴങ്ങിക്കൊടുക്കുന്ന വിഷയമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.