പത്തനംതിട്ടയ്ക്കും ആകാശവാണി എഫ്‌എം നിലയം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു - എഫ്എം ട്രാൻസ്‌മീറ്ററുകൾ
🎬 Watch Now: Feature Video
പത്തനംതിട്ട: മണ്ണാറമലയില്‍ പുതിയ എഫ്‌എം നിലയം പ്രവര്‍ത്തനം ആരംഭിച്ചു. ഇതുള്‍പ്പെടെ രാജ്യവ്യാപകമായി 91 എഫ്‌എം സ്‌റ്റേഷനുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്‌ത് നാടിനു സമര്‍പ്പിച്ചത്. ഇതോടനുബന്ധിച്ച് മണ്ണാറമല എഫ്‌എം നിലയം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആന്‍റോ ആന്‍റണി എംപി ദീപം തെളിയിച്ചു.
പൂര്‍ണ സൗകര്യങ്ങളോടെ എഫ്‌എം സേവനം ലഭിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് ആന്‍റോ ആന്‍റണി എംപി പറഞ്ഞു. 101 മെഗാഹെട്‌സില്‍ രാവിലെ 5.55 മുതല്‍ രാത്രി 11.10 വരെ തിരുവനന്തപുരം ആകാശവാണി നിലയത്തില്‍നിന്നുള്ള പരിപാടികള്‍ എഫ്‌എമ്മിലൂടെ കേള്‍ക്കാം.
കേരളത്തിൽ പത്തനംതിട്ടയിലും കായംകുളത്തുമാണ് പുതിയ എഫ്എം ട്രാൻസ്‌മീറ്ററുകൾ പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് 91 പുതിയ എഫ്എം ട്രാൻസ്‌മീറ്ററുകൾ ഇന്നലെ മുതൽ പ്രവർത്തനം തുടങ്ങിയത്. ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറ മലയിലുമാണ് പ്രക്ഷേപണികൾ സ്ഥാപിച്ചിട്ടുള്ളത്. 100 വാട്‌സാണ് ഈ ട്രാൻസ്‌മിറ്ററുകളുടെ പ്രസരണശേഷി. കായംകുളത്തെ ഫ്രീക്വൻസി 100.1 മെഗാ ഹെഡ്‌സും, പത്തനംതിട്ടയിലേത് 100 മെഗാഹെഡ്‌സുമാണ്.
തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നുള്ള പരിപാടികൾ രാവിലെ അഞ്ചര മണി മുതൽ രാത്രി 11. 10 വരെ തുടർച്ചയായി പ്രക്ഷേപണം ചെയ്യും. പ്രക്ഷേപണിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള എഫ് എം റേഡിയോ ശ്രോതാക്കൾക്കും എഫ്എം റേഡിയോ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും റേഡിയോ പരിപാടികൾ കേൾക്കാവുന്നതാണ്. പത്തനംതിട്ടയിലെ ട്രാൻസ്‌മീറ്റർ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയർന്ന പ്രദേശമായ മണ്ണാറ മലയിലായതിനാൽ വ്യക്തത അല്പം കുറഞ്ഞാലും 25 കിലോമീറ്റർ ചുറ്റളവിൽ വരെ പരിപാടികൾ കേൾക്കാനാകും.