ഷാറൂഖ് സെയ്‌ഫിയ്‌ക്ക് തീവ്ര ചിന്താഗതി, സാക്കിര്‍ നായിക്കിന്‍റെയടക്കം വീഡിയോകള്‍ നിരന്തരം കാണാറുണ്ട് : എഡിജിപി അജിത്‌ കുമാര്‍ - എലത്തൂർ ട്രെയിൻ തീവയ്പ്പ്

🎬 Watch Now: Feature Video

thumbnail

By

Published : Apr 17, 2023, 1:44 PM IST

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഭീകരവാദ ബന്ധം സ്ഥിരീകരിച്ച് അന്വേഷണ സംഘം. പ്രതി ഷാറൂഖ് സെയ്‌ഫി ഭീകരവാദ സ്വഭാവമുള്ള വീഡിയോകൾ കാണുന്ന തീവ്ര ചിന്താഗതിയുള്ള വ്യക്തിയാണ് എന്നാണ് സംഘത്തിന്‍റെ കണ്ടെത്തല്‍. സാക്കിര്‍ നായിക്, ഇസ്‌റാര്‍ അഹമ്മദ് എന്നിവരുടെ വീഡിയോകള്‍ നിരന്തരമായി ഷാറൂഖ് കണ്ടിരുന്നതായി എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. 

കുറ്റകൃത്യം നടത്താൻ ആസൂത്രണം ചെയ്‌താണ് പ്രതി കേരളത്തിൽ എത്തിയത്. പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ ആണെന്നും എഡിജിപി അജിത് കുമാർ പറഞ്ഞു. പ്രതിയുടെ മുഴുവൻ യാത്രാവിവരങ്ങളും തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷാരൂഖിന്‍റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചും പരിശോധന നടത്തി.  

എല്ലാ തെളിവുകളും പരിശോധിച്ച് കുറ്റകൃത്യം തെളിഞ്ഞതോടെയാണ് യുഎപിഎ ചേർത്തത്. ഈ വകുപ്പ് ചേർത്ത കേസുകൾ കേരള പൊലീസും അന്വേഷിച്ചിട്ടുണ്ടെന്ന്, എൻഐഎ വരുമോ എന്ന ചോദ്യത്തിന് എഡിജിപി മറുപടി പറഞ്ഞു. നാഷണൽ ഓപ്പൺ സ്‌കൂളിൽ പ്ലസ് ടു വരെ പഠിച്ച സെയ്‌ഫിക്ക് 27 വയസ് ഉണ്ടെന്നും ആദ്യമായാണ് കേരളത്തിൽ വന്നതെന്നും എഡിജിപി കൂട്ടിച്ചേർത്തു.

ഇന്നലെ അന്വേഷണ സംഘം യുഎപിഎ ചുമത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 15, 16 എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ഏപ്രില്‍ രണ്ടിന് രാത്രിയാണ് രാജ്യത്തെ തന്നെ ആശങ്കയിലാക്കിയ കോഴിക്കോട് ട്രെയിന്‍ തീവയ്‌പ്പ് നടന്നത്. 

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌പ്രസില്‍ ഉണ്ടായിരുന്ന ഷാറൂഖ് സെയ്‌ഫി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ സഹയാത്രികരുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കൃത്യം നടത്തിയ ശേഷം കേരളം വിട്ട പ്രതിയെ മഹാരാഷ്‌ട്രയില്‍ വച്ചാണ് മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സിയും ചേര്‍ന്ന് പിടികൂടിയത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.